ഇസ്ലാമാബാദ് : പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി ഇന്ത്യാ വിരുദ്ധ റാലിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്ത്. തങ്ങൾ തീവ്രവാദികളെ പിന്തുണയ്ക്കുന്നില്ലെന്നും അവരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പറയുമ്പോൾ തന്നെ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തീവ്രവാദികളുമായി വേദി പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
പാകിസ്ഥാൻ മർകസ് മുസ്ലീം ലീഗ് (പിഎംഎംഎൽ) പഞ്ചാബ് പ്രവിശ്യയിലെ കസൂറിൽ സംഘടിപ്പിച്ച പരിപാടിയിൽ സൈഫുള്ള കസൂരി പങ്കെടുത്തിരുന്നു. ഈ റാലിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു. ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനും തൽഹ സയീദും പങ്കെടുത്തു. “പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനാണെന്ന് ഞാൻ ആരോപിക്കപ്പെട്ടു, ഇപ്പോൾ എന്റെ പേര് ലോകമെമ്പാടും പ്രശസ്തമാണ്,” കസൂരി പറഞ്ഞു. മുദാസിർ ഷഹീദിന്റെ പേരിൽ അലഹബാദിൽ ഒരു കേന്ദ്രം, റോഡ്, ആശുപത്രി എന്നിവ നിർമ്മിക്കാനുള്ള പദ്ധതികൾ കസൂരി പ്രഖ്യാപിച്ചു.
പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ് മുദാസിർ അഹമ്മദ് . ഇന്ത്യയിലെ ഏറ്റവും കൂടുതൽ തിരയുന്ന തീവ്രവാദികളുടെ പട്ടികയിൽ 32-ാം സ്ഥാനത്തുള്ള തൽഹ സയീദ്, ജിഹാദി മുദ്രാവാക്യങ്ങളുമായി റാലിയിൽ പ്രസംഗവും നടത്തി

