പഹൽഗാം ഭീകരാക്രമണത്തിനുശേഷം , കശ്മീർ താഴ്വരയിൽ കുങ്കുമപ്പൂവിന്റെ വില വൻതോതിൽ വർദ്ധിച്ചു. കിലോയ്ക്ക് 5 ലക്ഷം രൂപയിലധികമാണ് ഇപ്പോൾ കുങ്കുമപ്പൂവിന്റെ വില . വെറും 10 ദിവസത്തിനുള്ളിലാണ് കുങ്കുമപ്പൂവിന്റെ വില 50,000-75,000 രൂപ വർദ്ധിച്ചത്.
ഭീകരാക്രമണത്തിനുശേഷം കുങ്കുമപ്പൂവിന്റെ ലഭ്യത കുറഞ്ഞു. അട്ടാരി-വാഗ അതിർത്തി വ്യാപാരത്തിനായി കേന്ദ്ര സർക്കാർ അടച്ചിട്ടതിനാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുങ്കുമപ്പൂവിന്റെ ഇറക്കുമതി നിർത്തിവച്ചതായാണ് വിവരം. ഇന്ത്യയിലെ കുങ്കുമപ്പൂവിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നത് കശ്മീരി കുങ്കുമപ്പൂവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയുമാണ്.
നമ്മുടെ രാജ്യത്ത് എല്ലാ വർഷവും ഏകദേശം 55 ടൺ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നു. കശ്മീരിൽ, പ്രത്യേകിച്ച് ജമ്മു മേഖലയിലെ പുൽവാമ, പാംപോർ, ബുഡ്ഗാം, ശ്രീനഗർ, കിഷ്ത്വാർ എന്നിവിടങ്ങളിൽ ഇത് വളർത്തുന്നു. 6 മുതൽ 7 ടൺ വരെ കുങ്കുമപ്പൂവ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. ബാക്കി ഏകദേശം 48 ടൺ കുങ്കുമം അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. അഫ്ഗാൻ കുങ്കുമപ്പൂവ് അതിന്റെ നിറത്തിനും മണത്തിനും പേരുകേട്ടതാണ്, അതേസമയം ഇറാനിയൻ കുങ്കുമപ്പൂവ് വിലകുറഞ്ഞതിനാൽ കൂടുതൽ ഉപയോഗിക്കുന്നുമുണ്ട്.
ലോകത്തിലെ ഏറ്റവും വിലകൂടിയ കാർഷിക ഉൽപ്പന്നങ്ങളിൽ ഒന്നാണ് കുങ്കുമപ്പൂവ്. സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ വളരുന്ന ലോകത്തിലെ ഏക കുങ്കുമപ്പൂവാണിത്. 2020 ൽ കശ്മീരി കുങ്കുമപ്പൂവിന് ജിഐ ടാഗ് ലഭിച്ചിരുന്നു.

