ന്യൂഡൽഹി : മുതിർന്ന രാഷ്ട്രീയനേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങൾക്കിടയിൽ രോഹിണി ആചാര്യയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തിപാർട്ടി (റാം വിലാസ്) തലവനുമായ ചിരാഗ് പവൻ . മാതൃഭവനത്തിൽ സഹോദരങ്ങളെപ്പോലെ തന്നെ അവകാശം രോഹിണിയ്ക്കും ഉണ്ടെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
താൻ കുടുംബവും, രാഷ്ട്രീയവും ഉപേക്ഷിക്കാൻ കാരണം സഹോദരൻ തേജസ്വി യാദവും അദ്ദേഹത്തിന്റെ അടുത്ത സഹായികളായ ആർജെഡിയുടെ എംപി സഞ്ജയ് യാദവും , റമീസുമാണെന്ന് കഴിഞ്ഞ ദിവസം രോഹിണി ആചാര്യ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ പോസ്റ്റിൽ “വിവാഹിതരായ സ്ത്രീകൾ താൻ ചെയ്തതുപോലെ ഒരു “തെറ്റ്” ഒരിക്കലും വരുത്തരുതെന്നും, ഭർതൃഭവനത്തേക്കാൾ അവരുടെ മാതൃഭവനത്തിന് മുൻഗണന നൽകരുതെന്നും രോഹിണി പറഞ്ഞിരുന്നു.
ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിരാഗ് . “വിവാഹിതയായ ഒരു സ്ത്രീയുടെ ഭർതൃവീട് അവളുടെ ഒരേയൊരു വീടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവൾ ജനിച്ചു വളർന്ന വീട്ടിൽ അവളുടെ സഹോദരന്മാർക്കുള്ളതുപോലെ അവകാശം അവൾക്കുണ്ട്. ഇന്നലെ, അവൾ ഇതെല്ലാം പറഞ്ഞപ്പോൾ, എനിക്ക് ആ വേദന മനസ്സിലാക്കാൻ കഴിഞ്ഞു, ഇതെല്ലാം ഉടൻ പരിഹരിക്കപ്പെടണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു . വിവാഹിതരായ എല്ലാ സ്ത്രീകളോടും ഞാൻ പറയും, നിങ്ങളുടെ മാതൃഭവനത്തിൽ ഒരു മകൻ ഉണ്ടെങ്കിൽ, ഒരിക്കലും നിങ്ങളുടെ ദൈവതുല്യനായ പിതാവിനെ നിങ്ങൾ മാത്രം രക്ഷിക്കരുത്; പകരം, നിങ്ങളുടെ സഹോദരനോട്, ആ വീട്ടിലെ മകനോട്, സ്വന്തം വൃക്കയോ തന്റെ ഒരു സുഹൃത്തിന്റെ വൃക്കയോ നൽകാൻ പറയുക.” എന്നാണ് ചിരാഗ് പാസ്വാൻ പറഞ്ഞത്.

