ഭോപ്പാൽ : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ “അന്യായവും, കൃത്രിമത്വവും, അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയും .
എൻഡിഎ വൻ വിജയം നേടിയ ബീഹാർ ജനവിധിയെ ഉത്തരകൊറിയ, റഷ്യ, ചൈന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളുമായാണ് ദിഗ് വിജയ് സിംഗ് താരതമ്യം ചെയ്തത്. കാരണം വോട്ടുകൾ ഭൂരിഭാഗവും ഒരൊറ്റ പാർട്ടിക്കാണ് പോയതെന്നും ദിഗ് വിജയ് സിംഗ് പറയുന്നു.
62 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതായും 20 ലക്ഷം പുതിയ പേരുകൾ ചേർത്തതായും ദിഗ് വിജയ് സിംഗ് പറയുന്നു . എൻഡിഎ വിജയിച്ചത് ഇവിഎമ്മുകളിലും ,വോട്ടർ പട്ടികയിലും കൃത്രിമം കാണിച്ചാണെന്നും ദിഗ് വിജയ് സിംഗ് പറയുന്നു . ഇൻഡോറിൽ, റോബർട്ട് വാദ്രയും അവകാശവാദങ്ങൾ ആവർത്തിച്ചു. ബീഹാർ ഫലങ്ങൾ അന്യായവും അസ്വീകാര്യവുമാണെന്നും , അത് അംഗീകരിക്കില്ലെന്നും റോബർട്ട് വാദ്ര പറഞ്ഞു.
“ബീഹാറിലെ ജനങ്ങൾ ഫലങ്ങളിൽ സന്തുഷ്ടരല്ല. സംഭവിച്ചതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെയാണ് സംഭവിച്ചത്. ബീഹാറിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. രാഹുൽ ജി യുവാക്കളെ കാണുകയും ജനാധിപത്യത്തിനുവേണ്ടി പോരാടുകയും ചെയ്യും,” വാദ്ര പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാൻ തയ്യാറാകാത്ത നേതാക്കളുടെ നിരാശാജനകമായ പ്രതികരണങ്ങളാണെന്ന് ആരോപിച്ച് ബിജെപി ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.”ദിഗ്വിജയ് സിംഗ് മധ്യപ്രദേശിനെ നശിപ്പിച്ചു, ശ്രീരാമന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തു, സാക്കിർ നായിക്കിനെ സമാധാനത്തിന്റെ ദൂതൻ എന്ന് വിളിച്ചു. ഇപ്പോൾ അദ്ദേഹം ഇന്ത്യയുടെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്നു,“ എന്നും പാർട്ടി വക്താവ് ദുർഗേഷ് കേസർവാനി പറഞ്ഞു.

