കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി.
കൊലപാതകം, ബലാത്സംഗം, മരണ കാരണമായ അക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 17 ലക്ഷം രൂപ നൽകണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും കുടുംബം പണം സ്വീകരിക്കാൻ തയ്യാറായില്ല.
ഓരോ പെൺകുട്ടികളുടെയും സംരക്ഷണം സർക്കാർ ചുമതലയാണെന്നും, അതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും കോടതി വിമർശിച്ചു.
പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ, താൻ കുറ്റക്കാരനല്ലെന്നും തന്നെ കേസിൽ അകപ്പെടുത്തിയതാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. അതോടൊപ്പം, പോലീസ് തന്നെ
മർദ്ദിച്ചാണ് മൊഴിയെടുത്തതെന്നും സിബിഐ തന്നെ കേൾക്കാൻ തയ്യാറായില്ല എന്നും പ്രതി സഞ്ജയ് റോയ് പറഞ്ഞു.
എന്നാൽ വ്യക്തമായ തെളിവുകളോടെയാണ് പ്രതിയെ കുറ്റക്കാരനാക്കിയതെന്നും, ഇത്തരത്തിലുള്ള കേസുകൾ അപൂർവമാണെന്നും, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും എന്നാൽ മാത്രമേ സമൂഹത്തിൽ നിയമ വ്യവസ്ഥകളോട് ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ കഴിയുകയുള്ളു എന്നും സിബിഐ കോടതിയോട്
ആവശ്യപ്പെട്ടു.
അതേ സമയം, പ്രതിക്ക് വധ ശിക്ഷ നൽകരുതെന്നും, മാനസാന്തരത്തിനുള്ള അവസരം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. അപൂവങ്ങളിൽ അപൂർവമായ കേസുകളിൽ ഒന്നല്ല ഇതെന്നും, വധ ശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതിഭാഗം പറഞ്ഞു.
2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര് ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുന്നത്.
പ്രതിയായ സഞ്ജയ് റോയിയെ ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്ത് മദ്യലഹരിയിൽ കണ്ടെത്തിയിരുന്നു. പിന്നീട് നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് ഇയാൾ പ്രവേശിക്കുന്നതും , നാല്പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ പുറത്തുപോകുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
തുടര്‍ന്ന് രാജ്യമാകെയുള്ള ഡോക്ടര്‍മാരും, വിവിധ മെഡിക്കൽ സംഘടനകളും വലിയ പ്രതിഷേധം ഉയർത്തി. കേസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസിനായിരുന്നു ചുമതല. എന്നാൽ ഗുരുതരമായ ആക്ഷേപങ്ങൾ പോലീസിനെതിരെ ഉയർന്നതോടെ കൊൽക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയും ആയിരുന്നു. തുടർന്ന് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കുറ്റകൃത്യം നടന്ന് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.