ന്യൂഡൽഹി : ഹിന്ദു ദൈവങ്ങളെ പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിമർശനം ഉയരുന്നു . ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഹിന്ദു പാരമ്പര്യത്തിലെ ദൈവങ്ങളെ രേവന്ത് പരിഹസിച്ചത് . അവിവാഹിതരുടെ ദൈവമാണ് ഹനുമാൻ എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ ആദ്യ പ്രസ്താവന.
“ഹിന്ദുക്കൾ എത്ര ദൈവങ്ങളിൽ വിശ്വസിക്കുന്നു? മൂന്ന് കോടി ദൈവങ്ങളുണ്ടോ? എന്തുകൊണ്ടാണ് ഇത്രയധികം ദൈവങ്ങൾ നിലനിൽക്കുന്നത്? അവിവാഹിതർക്ക് ഒരു ദൈവമുണ്ട് – ഹനുമാൻ. രണ്ടുതവണ വിവാഹം കഴിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്. മദ്യം കഴിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്. കോഴിബലിക്ക് ഒന്നുണ്ട്; പരിപ്പിനും അരിക്കും ഒന്നുണ്ട്. ഓരോ വിഭാഗത്തിനും അവരുടേതായ ദൈവമുണ്ട്,” രേവന്ത് റെഡ്ഡി പറഞ്ഞു.
റെഡ്ഡിയുടെ പരാമർശം ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി. മുഖ്യമന്ത്രി ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ബിജെപിയും ബിആർഎസും ആരോപിച്ചു.റെഡ്ഡിയുടെ പരാമർശങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള ഹിന്ദുക്കൾ “ലജ്ജിക്കുന്നു” എന്ന് ബിജെപി നേതാവ് ചിക്കോട്ടി പ്രവീൺ പറഞ്ഞു. “കോൺഗ്രസിനും രേവന്ത് റെഡ്ഡിക്കും നാണമില്ല. എല്ലാ മീറ്റിംഗുകളിലും, മുസ്ലീങ്ങൾ കാരണമാണ് കോൺഗ്രസ് ഉണ്ടായതെന്ന് അവർ പറയുന്നു. മുഖ്യമന്ത്രി ക്ഷമാപണം നടത്തുകയും പ്രസ്താവന പിൻവലിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച ബിആർഎസ് നേതാവ് രാകേഷ് റെഡ്ഡി അനുഗുല ഹിന്ദു ദേവതകളെ പരിഹസിക്കുന്നത് ഇക്കാലത്ത് എല്ലാവർക്കും ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും പറഞ്ഞു.

