ന്യൂഡൽഹി : പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെയും, കന്നുകാലികളെയും നീക്കം ചെയ്യണമെന്ന് കർശന നിർദേശവുമായി സുപ്രീം കോടതി . നായ്ക്കളെ അവയുടെ ഷെൽട്ടറുകളിലേക്ക് മാറ്റാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ദേശീയ പാതകളിൽ നിന്നും സംസ്ഥാന പാതകളിൽ നിന്നും മറ്റ് റോഡുകളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നത് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും, നാഷണൽ ഹൈവേ അതോറിറ്റിക്കും, പൗര സ്ഥാപനങ്ങൾക്കും കോടതി നിർദ്ദേശം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും തെരുവ് നായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ മതിലുകളോ വേലികളോ നിർമ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി ജില്ലാ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.
ഈ സ്ഥലങ്ങളിൽ തെരുവ് നായ്ക്കളില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്തണം. പിടികൂടിയ തെരുവ് നായ്ക്കളെ അവയെ പിടികൂടിയ അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി കർശനമായി നിർദ്ദേശിച്ചു.ഇതിനുപുറമെ, സർക്കാർ ഓഫീസ് പരിസരങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാർ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനെ കോടതി ശക്തമായി അപലപിച്ചു

