ന്യൂഡൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ചതായി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി . യഥാർത്ഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും എഎപി ആരോപിച്ചു. എഎപിയുടെ രാഷ്ട്രീയ കാര്യ സമിതിയിലാണ് തീരുമാനം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് എഎപി പ്രസ്താവനയിൽ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ പാർട്ടികൾ നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് ശേഷമാണ് എഎപിയുടെ പ്രസ്താവന. ആം ആദ്മി പാർട്ടി ഈ ആവശ്യം പ്രത്യേകം ഉന്നയിച്ചു. ‘യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലാണ്. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ രാഹുൽ ഗാന്ധി പറയുന്നു. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിൽ പോകുന്നതിൽ നിന്ന് മോദി രക്ഷിക്കുന്നു.
ഈ ഗൂഢാലോചന നമ്മൾ അവസാനിപ്പിക്കണം. രാഹുൽ ഗാന്ധിയും മോദിയും വേദിയിൽ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ സത്യം എന്തെന്നാൽ രാഷ്ട്രീയ നിലനിൽപ്പിനായി അവർ പരസ്പരം പിന്തുണയ്ക്കുന്നു എന്നതാണ്. കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുകയാണ്. ബിജെപി ഭരണം കോൺഗ്രസിന്റെ അഴിമതി മറച്ചുവെക്കുകയാണ്,” പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
ഇനി മുതൽ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എ എ പി നേതാവ് അനുരാഗ് ധണ്ട പറഞ്ഞു. . ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് എന്താണ് നല്ലതെന്ന് അടിസ്ഥാനമാക്കി പ്രതിപക്ഷത്തിന്റെ നിലപാടിനെ പാർട്ടി എംപിമാർ പിന്തുണയ്ക്കുമെന്ന് ധണ്ട പറഞ്ഞു.

