ബെംഗളൂരു ; കർണാടകയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗശിൽപ്പം കണ്ടെത്തി . ഗഡാഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലെ താമസക്കാരനായ ഷൺമുഖപ്പരവാടിയുടെ കൃഷിയിടത്തിൽ നിന്നാണ് ഏഴ് തലയുള്ള അപൂർവ നാഗശിലാ വിഗ്രഹം കണ്ടെത്തിയത് . കല്ലിൽ സങ്കീർണ്ണമായി കൊത്തിയെടുത്ത സർപ്പശില വിജയനഗര കാലഘട്ടത്തിലേതാണെണെന്നാണ് നിഗമനം .
പ്രധാന നാഗ ശിൽപത്തിന് പുറമേ, സമീപത്ത് നിന്ന് നിരവധി സർപ്പ ശിൽപങ്ങളും പുരാവസ്തു ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട് . വലിയ വിഗ്രഹത്തിന് ചുറ്റും ക്രമീകരിച്ചിരിക്കുന്ന നിലയിലാണ് ഒന്നിലധികം നാഗ ശിൽപങ്ങളും കണ്ടെത്തിയത് . ശില്പങ്ങളിൽ പലതും ഭാഗികമായി കുഴിച്ചിട്ട നിലയിലായിരുന്നു .
ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയും പിന്നീട് വിജയനഗര ഭരണാധികാരികളുടെയും ഭരണകാലത്ത് പ്രമുഖ കേന്ദ്രമായിരുന്ന ലക്കുണ്ടിയിൽ നിന്നും സങ്കീർണ്ണമായ പല ശിലാ വാസ്തുവിദ്യകളും കണ്ടെടുത്തിട്ടുണ്ട്. ലക്കുണ്ടിയിൽ കഴിഞ്ഞ പത്ത് ദിവസമായി പുരാവസ്തു ഗവേഷണം നടന്നു വരികയാണ്.
നാഗശിൽപ്പം കണ്ടെത്തിയതിന് സമീപത്തെ കിണറിന്റെ ചുവരുകൾക്കുള്ളിൽ പതിച്ച പുരാതന ശിലാഫലകങ്ങളും ഖനന സംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം നൂറു വർഷം പഴക്കമുള്ളതായി കരുതപ്പെടുന്ന കിണറിൽ, നിർമ്മാണ സമയത്ത് ഉപയോഗിച്ചത് ഈ ശിൽപങ്ങളോടുകൂടിയ കല്ലുകളാണെന്നാണ് നിഗമനം . സമീപത്തെ ക്ഷേത്രങ്ങൾ കാലക്രമേണ ഉപയോഗശൂന്യമാകുകയോ തകരുകയോ ചെയ്ത ശേഷം, ശേഷിച്ച കല്ലുകൾ വീടുകളും കിണറുകളും നിർമ്മിക്കാൻ വീണ്ടും ഉപയോഗിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത് .

