ന്യൂദൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ താരിഫ് ഭീഷണിയെ വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളർച്ച ചിലർക്ക് സഹിക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
“ഇന്ത്യ വികസിക്കുന്ന വേഗതയിൽ സന്തുഷ്ടരല്ലാത്ത ചിലരുണ്ട്. അവർക്ക് അത് ഇഷ്ടമല്ല. ‘സബ്കാ ബോസ് തോ ഹം ഹേ’, അപ്പോൾ ഇന്ത്യ എങ്ങനെയാണ് ഇത്ര വേഗത്തിൽ വളരുന്നത്? ഇന്ത്യൻ കൈകളാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുന്നതിനേക്കാൾ വിലയേറിയതായി മാറുന്നുവെന്ന് ഉറപ്പാക്കാൻ പലരും ശ്രമിക്കുന്നു, അങ്ങനെ വില ഉയരുമ്പോൾ ലോകം അവ വാങ്ങുന്നത് നിർത്തും. ഈ ശ്രമം നടക്കുന്നു. എന്നാൽ ഇന്ത്യ വളരെ വേഗത്തിൽ മുന്നേറുകയാണ്, ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യ ഒരു പ്രധാന ആഗോള ശക്തിയായി മാറുന്നത് തടയാൻ കഴിയില്ല “ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതിരോധ കയറ്റുമതിയെ നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ലെന്നും അവ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.”പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ഞങ്ങൾ 24,000 കോടിയിലധികം വിലമതിക്കുന്ന പ്രതിരോധ വസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ട് . ഇതാണ് ഇന്ത്യയുടെ ശക്തി, ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ പ്രതിരോധ മേഖല, കയറ്റുമതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത് . റഷ്യയുമായുള്ള വാണിജ്യ ബന്ധം തുടരുന്നതിന്റെ പേരിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഈ നടപടി.

