ജയ്പൂർ: പൊതുസ്ഥലങ്ങളിൽ നിന്നും നഗരത്തിലെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് നിർദേശം നൽകി രാജസ്ഥാൻ ഹൈക്കോടതി . മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി നിർവഹിക്കുമ്പോൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.
“മൃഗങ്ങൾക്ക് ശാരീരിക ഉപദ്രവം ഉണ്ടാകാതെ നഗര റോഡുകളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാൻ മുനിസിപ്പൽ സ്ഥാപനങ്ങൾ പ്രത്യേക നീക്കം നടത്തണം,” ജസ്റ്റിസ് കുൽദീപ് മാത്തൂർ, ജസ്റ്റിസ് രവി ചിരാനിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു . ദിവസേന നിരവധി നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം നായ്ക്കളെ വന്ധ്യംകരിക്കാനും ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. തെരുവുകളിലെ ശിശുക്കളുടെയും കുട്ടികളുടെയും ജീവിതത്തിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ദേശീയ തലസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, സുപ്രീം കോടതി വിധി ഫലപ്രദമല്ലാത്തതും അശാസ്ത്രീയവുമാണെന്ന് വിശേഷിപ്പിച്ച് നിരവധി മൃഗസംരക്ഷണ സംഘടനകൾ അതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തി.

