പട്ന : ബീഹാറിൽ പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ പ്രവർത്തകരും , നേതാക്കളും കഠിനാധ്വാനം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ബിഹാർ വലിയൊരു അവസരം തുറന്നുതരുന്നുവെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ പറഞ്ഞു.
“കോൺഗ്രസിന്റെ ഇടം വികസിപ്പിക്കണം. നെഗറ്റീവ് രാഷ്ട്രീയത്തിൽ നിന്ന് പാർട്ടിയെ സംരക്ഷിക്കണം. ഒരു ഏകോപന സമിതി ഉടൻ രൂപീകരിക്കും. ബീഹാറിലെ ഉയർന്ന ജാതിക്കാരെയും ഒപ്പം കൊണ്ടുപോകണം. അതിനായി ബീഹാർ കോൺഗ്രസ് നേതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണം. അവർ നിലത്ത് ഇറങ്ങി കഠിനാധ്വാനം ചെയ്യണം. പ്രാദേശിക നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണം. ആവശ്യമുള്ളിടത്തെല്ലാം ഞാൻ ഉണ്ടാകുമെന്നും ‘ രാഹുൽ പറഞ്ഞു.
ഉത്തരവാദിത്തം ഏറ്റെടുക്കുകയും സ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്നത് മാത്രം പോരാ, മറിച്ച്, കഠിനാധ്വാനം ചെയ്യണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാവ് താരിഖ് അൻവർ പറഞ്ഞു. നേതാക്കളുടെ ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് കോൺഗ്രസ് രാജ്യസഭാ എംപി രഞ്ജിത രഞ്ജൻ ആവശ്യപ്പെട്ടു.
അതേസമയം ബീഹാർ പരാജയത്തെ പറ്റി വിലയിരുത്താൻ നേരത്തേ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാജേഷ് റാം പട്നയിലെ സംസ്ഥാന ഓഫീസിൽ ദഹി ചുര വിരുന്ന് സംഘടിപ്പിച്ചിരുന്നു . എന്നാൽ ആറ് കോൺഗ്രസ് എംഎൽഎമാരും ഇതിന് എത്തിയില്ല. അതിനു പിന്നാലെ കോൺഗ്രസ് എംഎൽഎമാർ എൻഡിഎയുമായി കൂടുതൽ അടുത്തുവെന്ന് എൻഡിഎ നേതാക്കൾ അവകാശപ്പെട്ടു. അതിനു പിന്നാലെയാണ് രാഹുൽ യോഗം വിളിച്ചു ചേർത്തത് .

