ന്യൂഡൽഹി : ലോക്സഭാ സ്പീക്കർ ഓം ബിർല പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചില വിഷയങ്ങൾ ഉന്നയിക്കാനുള്ള തന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾ അവഗണിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
‘ ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. പക്ഷേ അദ്ദേഹം (സ്പീക്കർ) ഓടിപ്പോയി. എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു. അദ്ദേഹം സഭ പിരിച്ചുവിട്ടു, അതിന്റെ ആവശ്യമില്ലായിരുന്നു .
ഞാൻ എഴുന്നേൽക്കുമ്പോഴൊന്നും എനിക്ക് സംസാരിക്കാൻ അനുവാദമില്ല. ഞാൻ ഒരു വാക്കുപോലും പറഞ്ഞില്ല. ഏഴെട്ട് ദിവസമായി എന്നെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. ഇതൊരു പുതിയ തന്ത്രമാണ്. അന്ന് പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചു, എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് അനുവാദം നൽകിയില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല’’ – രാഹുൽ ഗാന്ധി പറഞ്ഞു.