ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി സ്ഥാനം ഒരു നിമിഷം കൊണ്ട് നിരസിച്ച വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് എംപി പപ്പു യാദവ് . രാഹുൽ ഗാന്ധി ഒരു “മഹാപ്രതിഭ” ആണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പപ്പു യാദവ് പറഞ്ഞു.
“ഹാർവാർഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും സത്യം പറയാൻ ധൈര്യമുള്ള പ്രതിഭാധനനായ ആൺകുട്ടിയുമാണ് രാഹുൽ ഗാന്ധി. ഒരു നിമിഷം പോലും ആലോചിക്കാതെ തനിക്ക് ലഭിച്ച പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം നിരസിച്ചു. മൻമോഹൻ സിംഗ് തന്നെ രാഹുൽ ഗാന്ധിയോട് പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞു. പക്ഷേ രാഹുൽ ഗാന്ധി അത് ഒരു നിമിഷം കൊണ്ട് തള്ളിക്കളഞ്ഞു. മൻമോഹൻ സിംഗ് എത്ര പറഞ്ഞിട്ടും രാഹുൽ അതിന് സമ്മതിച്ചില്ല “ – പപ്പു യാദവ് പറഞ്ഞു.
മാത്രമല്ല ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങൾ എടുത്തുകളയുകയാണെന്നും പപ്പു യാദവ് പറഞ്ഞു. ‘ മുഴുവൻ പ്രതിപക്ഷവും രാഹുൽ ഗാന്ധിയും ചില വിഷയങ്ങൾ ചർച്ച ചെയ്യുകയും സർക്കാരിൽ നിന്ന് ഉത്തരങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. ബീഹാറിനും ബിഹാറികൾക്കുമെതിരായ ആക്രമണം, ദരിദ്രർക്ക് എതിരായ ആക്രമണം എന്നിവയാണ് ഏറ്റവും വലിയ പ്രശ്നങ്ങൾ. സർക്കാർ ഈ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നതുവരെ സഭ പ്രവർത്തിക്കില്ല‘- പപ്പു യാദവ് പറഞ്ഞു.

