പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . തുടക്കം മുതൽ ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് നീതിയുക്തമല്ലായിരുന്നുവെന്ന് രാഹുൽ പറഞ്ഞു . അങ്ങനെയൊരു തിരഞ്ഞെടുപ്പിൽ വിജയിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നാണ് രാഹുലിന്റെ പ്രസ്താവന.
‘ മഹാസഖ്യത്തിൽ വിശ്വാസം അർപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു . ബിഹാറിലെ ഈ ഫലം ശരിക്കും ഞെട്ടിക്കുന്നതാണ്. തുടക്കം മുതൽ നീതിയുക്തമല്ലാത്ത ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടം. കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്യുകയും ജനാധിപത്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യും” രാഹുൽ പറഞ്ഞു.
ബീഹാറിലെ 243 നിയമസഭാ സീറ്റുകളിൽ 61 എണ്ണത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ, 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് പാർട്ടി വെറും ആറായി ചുരുങ്ങി.സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ ആർജെഡി, 143 സീറ്റുകളിൽ 25 എണ്ണം മാത്രമേ നേടിയുള്ളൂ, കഴിഞ്ഞ തവണ 144 ൽ 75 ആയിരുന്നെങ്കിൽ, ഇത്തവണ അതിലും മോശം പ്രകടനമായിരുന്നു.
അതേസമയം പരാജയത്തെ അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. “ബീഹാറിലെ ജനങ്ങളുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു, ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ശക്തികൾക്കെതിരായ പോരാട്ടം ഞങ്ങൾ തുടരും. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുകയും ഫലങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കിയ ശേഷം വിശദമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യും,” .
“നിങ്ങൾ നിരുത്സാഹപ്പെടേണ്ട ആവശ്യമില്ലെന്ന് ഓരോ കോൺഗ്രസ് പ്രവർത്തകനോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഞങ്ങളുടെ അഭിമാനവും ബഹുമാനവും മഹത്വവുമാണ്. നിങ്ങളുടെ കഠിനാധ്വാനമാണ് ഞങ്ങളുടെ ശക്തി. ജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം ഞങ്ങൾ തുടരും. ഈ പോരാട്ടം നീണ്ടതാണ് – പൂർണ്ണ സമർപ്പണത്തോടെയും ധൈര്യത്തോടെയും സത്യത്തോടെയും ഞങ്ങൾ അതിനെതിരെ പോരാടും,” ഖാർഗെ പറഞ്ഞു.

