ന്യൂഡൽഹി : ജന്മദിനത്തോടനുബന്ധിച്ച് വസതി മാറി കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . സുൻഹേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവിലേക്കാണ് ജന്മദിനത്തോടനുബന്ധിച്ച് രാഹുൽ താമസം മാറിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പ് അദ്ദേഹം ഔദ്യോഗികമായി അവിടെ താമസം ആരംഭിക്കും. നേരത്തെ, അമ്മ സോണിയ ഗാന്ധിയോടൊപ്പം ജൻപഥിലെ വസതിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
ഈ ബംഗ്ലാവ് നേരത്തെ കേന്ദ്ര സാമൂഹിക നീതി സഹമന്ത്രിയും കർണാടക ബിജെപി നേതാവുമായ എ. നാരായണസ്വാമിക്ക് നൽകിയിരുന്നു. അദ്ദേഹം 2021 മുതൽ 2024 വരെ മോദി സർക്കാരിൽ മന്ത്രിയായിരുന്നു. എ. നാരായണസ്വാമി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇനി ഈ ബംഗ്ലാവ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയായിരിക്കും.
2019 ൽ എംപിയായതിനുശേഷം രാഹുൽ ഗാന്ധി തുഗ്ലക്ക് ലെയ്നിലെ 12-ാം നമ്പർ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്. എന്നാൽ , മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 ൽ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഈ ബംഗ്ലാവ് ഒഴിഞ്ഞു.ഇതിനുശേഷം, അദ്ദേഹം തന്റെ അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ജൻപഥിലെ വസതിയിലേക്ക് താമസം മാറി, അംഗത്വം പുനഃസ്ഥാപിച്ചതിനുശേഷവും അദ്ദേഹം അവിടെ തുടർന്നു.വ്യാഴാഴ്ച മുതൽ രാഹുൽ ഗാന്ധി തന്റെ സാധനങ്ങൾ പുതിയ ബംഗ്ലാവിലേക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

