ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും പിടിച്ചുതള്ളിയെന്നും നാഗാലാന്റില്‍ നിന്നുള്ള വനിതാ ബിജെപി എംപി ഫഗ്നോന്‍ കോന്യാക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍കറിന് കത്തയച്ചു.
അംബേദ്കര്‍ പ്രശ്നത്തെച്ചൊല്ലി കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് സംഭവം. തന്നെ സംരക്ഷിക്കാനെന്ന മട്ടില്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ അടുത്തേക്ക് രാഹുല്‍ വന്നതായും ഫഗ്നോന്‍ കോന്യാക് പറഞ്ഞു.
“കോണ്‍ഗ്രസ് അംബേദ്കറിനെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. ഞാന്‍ കോണിച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ക്ക് പോകാന്‍ പ്രത്യേകം വഴി വിട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘം അവിടേക്ക് എത്തി. അവര്‍ക്ക് പ്രത്യേകം വഴിയുണ്ടെങ്കിലും രാഹുല്‍ ഗാന്ധി എന്റെയടുത്ത് വന്ന് ഉച്ചത്തില്‍ സംസാരിച്ചു.
അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള സാന്നിധ്യം വനിതാമെമ്പറായ തന്നെ അസ്വസ്ഥയാക്കി. ഞാന്‍ എന്റെ പ്രതിഷേധിക്കാനുള്ള അവകാശമെല്ലാം മാറ്റിവെച്ച് ഒരു വശത്തേക്ക് മാറി നിന്നു.” – ഫഗ്നോന്‍ കോന്യാക് രാജ്യസഭാ ചെയര്മാന് അയച്ച പരാതിക്കത്തില്‍ പറയുന്നു.