ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 10 പ്രതിപക്ഷ എംപിമാർ ഇന്ന് ദ്രൗപതി മുർമുവിനെ കണ്ടിരുന്നു . രാഷ്ട്രപതിയ്ക്ക് മുന്നിലും വോട്ട് ചോരി ആരോപണവും , ഗ്യാനേഷ് കുമാറിന്റെ രാജിയുമാണ് രാഹുൽ ഉന്നയിച്ചത്. തുടർന്നാണ് രാഷ്ട്രപതി വോട്ട് ചോരി ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ടത്.
ഗ്യാനേഷ് കുമാറിന്റെ രാജിക്കൊപ്പം, വോട്ടർ പട്ടികയിലെ വിവാദമായ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്ഐആർ) റദ്ദാക്കുക , കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്ത 13 കോടി വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രതിപക്ഷം രാഷ്ട്രപതിയ്ക്ക് മുന്നിൽ വച്ച മൂന്ന് ആവശ്യങ്ങൾ.
ഇൻഡി മുന്നണിയിൽ നിന്നുള്ള 150 ഓളം എംപിമാരുടെ യോഗത്തിന് ശേഷം രാഷ്ട്രപതി ഭവനിലേയ്ക്ക് മാർച്ച് ചെയ്താണ് സംഘം എത്തിയത്. 16 വ്യത്യസ്ത പാർട്ടികളിൽ നിന്നുള്ള 16 നേതാക്കൾ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ഒപ്പുവച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾ സർക്കാരിന്റെ അടിത്തറ ഇളക്കിയിട്ടുണ്ടെന്നാണ് യോഗത്തിൽ രാഹുൽ ഗാന്ധി അവകാശപ്പെട്ടത് .

