ന്യൂഡൽഹി : തന്നോട് വിശദീകരണം ആവശ്യപ്പെട്ട ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മറിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം . ഇതിനു പിന്നാലെയാണ് ഒപ്പിട്ട സത്യവാങ്മൂലം തെളിവുകൾ അടക്കം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടത് . നൽകുന്നില്ലെങ്കിൽ രാജ്യത്തോട് രാഹുൽ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സത്യവാങ്മൂലം നൽകില്ലെന്ന നിലപാടിലാണ് രാഹുൽ . ‘ പാർലമെന്റിൽ ഭരണഘടനയെക്കുറിച്ച് ഞാൻ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇന്ന്, രാജ്യത്തെ ജനങ്ങൾ നമ്മുടെ ഡാറ്റയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങൾ അവരോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ, അവരുടെ മുഴുവൻ ഘടനയും തകരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയാം ‘ എന്നാണ് രാഹുൽ ഗാന്ധി പറയുന്നത് .
” നമ്മൾ ഇന്ത്യൻ ഭരണഘടന സംരക്ഷിച്ചു. അംബേദ്കർ ജി, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ എന്നിവരുടെ ശബ്ദങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ പ്രതിധ്വനിക്കുന്നു. നാരായണ ഗുരുവിന്റെയും ഫൂലെ ജിയുടെയും ശബ്ദങ്ങൾ അതിൽ പ്രതിധ്വനിക്കുന്നു. നമ്മുടെ ഇന്ത്യൻ ഭരണഘടന എല്ലാവർക്കും വോട്ടവകാശം നൽകുന്നു.
മഹാരാഷ്ട്രയിൽ, ഇന്ത്യ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു , എന്നാൽ 4 മാസത്തിന് ശേഷം സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. ഇത് ഞെട്ടിക്കുന്നതായിരുന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ വോട്ടർമാർ വോട്ട് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും “ രാഹുൽ പറഞ്ഞു.
അതേസമയം ഇന്ന് വോട്ട് അട്ടിമറിയ്ക്കെതിരെ ബെംഗളൂരുവിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലി നടക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം റാലിയിൽ പങ്കെടുക്കുന്നുണ്ട്.

