ന്യൂഡൽഹി: ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടുകൾ അട്ടിമറിയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി . വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർക്കുന്നുണ്ടെന്നും കർണാടക വോട്ടർ പട്ടിക കാണിച്ച് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബാംഗ്ലൂർ സെൻട്രൽ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വോട്ട് മോഷണം നടന്നതായും രാഹുൽ പറഞ്ഞു. ‘നിങ്ങൾക്ക് മുന്നിൽ ചില കണക്കുകൾ അവതരിപ്പിക്കാനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ചിലത് ഞങ്ങളെ ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അസാധാരണമായ പോളിംഗ് ഉണ്ടായിരുന്നു. വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടിംഗ് ശതമാനം കുതിച്ചുയരുകയായിരുന്നു. കുറച്ചുനാളായി ആളുകൾ സംശയാലുക്കളാണ്. അതിനാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പലതും മറച്ചുവെക്കുന്നു.‘ രാഹുൽ പറഞ്ഞു.
കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, അസാധുവായ വിലാസങ്ങൾ, ബൾക്ക് വോട്ടർമാർ എന്നിവ കോൺഗ്രസ് നടത്തിയ ആഭ്യന്തര ഗവേഷണത്തിൽ കണ്ടെത്തി . 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാംഗ്ലൂർ സെൻട്രലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഭൂരിഭാഗവും കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലി ഖാൻ ലീഡ് നിലനിർത്തിയെങ്കിലും, അന്തിമഫലം വന്നപ്പോൾ ബിജെപിയുടെ പിസി മോഹൻ 32,707 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.1,00,250 വോട്ടുകളുടെ “വോട്ട് മോഷണം” നടന്നതായും ‘ രാഹുൽ പറഞ്ഞു.
11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജവും അസാധുവായ വിലാസങ്ങളുമുള്ള വോട്ടർമാർ, 10,452 ബൾക്ക് വോട്ടർമാർ , 4,132 അസാധുവായ ഫോട്ടോകളുള്ള വോട്ടർമാർ എന്നിവരും വോട്ടർ പട്ടികയിൽ ഉള്ളതായി കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ രേഖകൾ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ടിട്ടും കമ്മീഷൻ വോട്ടർ പട്ടിക നൽകിയില്ല. 45 ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു. ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടുകൾ മോഷ്ടിക്കുകയാണ്.
എല്ലാ മണ്ഡലങ്ങളിലും ഇരട്ട വോട്ടർമാരുണ്ട്. വ്യാജ വിലാസങ്ങളുള്ള നിരവധി പേരുണ്ട്. നിലവിലില്ലാത്ത വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നു. ‘0’ എന്ന വീട്ടുനമ്പർ ഉള്ള നിരവധി പേരുണ്ട്. ചിലരുടെ പക്കൽ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമേയുള്ളൂ. 68 പേരുടെ കൈവശം ഒരു വ്യവസായ സ്ഥാപനത്തിന്റെ വിലാസമുണ്ട്. ഒരു മണ്ഡലത്തിൽ മാത്രം 40,000-ത്തിലധികം വ്യാജ വോട്ടർമാർ. മഹാരാഷ്ട്രയിൽ മാത്രമല്ല കർണാടകയിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. രാജ്യത്തുടനീളം അഞ്ച് മാർഗങ്ങളിലൂടെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ക്രിമിനൽ വഞ്ചനയാണ് കാണിക്കുന്നത്. ‘ രാഹുൽ ആരോപിച്ചു.
കർണാടകയിൽ വോട്ടർ തട്ടിപ്പ് ആരോപിച്ച് ഇസിഐക്കെതിരെ കോൺഗ്രസ് നടത്തുന്ന വമ്പിച്ച പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് ആരോപണങ്ങൾ വരുന്നത്. രാഹുൽ ഗാന്ധിയായിരിക്കും മാർച്ച് നയിക്കുക.
അതേസമയം രാഹുൽ അനാവശ്യമായി വിവാദങ്ങൾ ഉയർത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി . കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ഒപ്പിട്ട സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.‘ ഒന്നുകിൽ ഒപ്പിട്ട് തെളിവുകൾ സമർപ്പിക്കുക, അല്ലെങ്കിൽ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വോട്ടെടുപ്പ് സ്ഥാപനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും നിർത്തുക‘ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിനോട് ആവശ്യപ്പെട്ടു.

