ന്യൂദൽഹി : വെനിസ്വേലയിലെ പ്രധാന പ്രതിപക്ഷ നേതാവായ മരിയ കൊറിന മച്ചാഡോയ്ക്ക്, അവരുടെ രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നോബൽ സമ്മാനത്തിന് അർഹനാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത് . ഇതിനായി മരിയയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിരവധി സമാനതകൾ കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാടിയതിന് രാഹുൽ ഗാന്ധിയും നൊബെൽ ബഹുമതിക്ക് അർഹനാണെന്ന് കോൺഗ്രസ് വക്താവ് പറയുന്നു . മച്ചാഡോയ്ക്കൊപ്പം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പങ്ക് വച്ചാണ് രജ്പുത് ഇക്കാര്യം എഴുതിയിരിക്കുന്നത് . “ഭരണഘടനയെ പ്രതിരോധിച്ചതിന് വെനിസ്വേലൻ പ്രതിപക്ഷ നേതാവിന് ഇത്തവണ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നു“ സുരേന്ദ്ര രജ്പുത് പറയുന്നു.
വോട്ട് മോഷണം, ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേര് ഇല്ലാതാക്കൽ, ഇവിഎം ഹാക്ക് ചെയ്യൽ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി സമീപകാലത്ത് ഉന്നയിച്ചതിനെ പറ്റിയും സുരേന്ദ്ര രജ്പുത് പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ ജനാധിപത്യവും ജനാധിപത്യ മൂല്യങ്ങളും മരിച്ചുപോയെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ അവയെ രക്ഷിക്കാൻ പോരാടുകയാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
വെനിസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിനായി വാദിച്ചതിനുമാണ് മച്ചാഡോയ്ക്ക് ഈ പുരസ്ക്കാരം. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിനുശേഷം നിരവധി ഭീഷണികൾ നേരിടുകയും ഒളിവിൽ കഴിയാൻ നിർബന്ധിതയാകുകയും ചെയ്തിട്ടും, വെനിസ്വേലയിൽ മച്ചാഡോ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ്.

