ന്യൂഡൽഹി: പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയിബ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്താൻ ഉപയോഗിച്ചത് നവീന സാങ്കേതിക വിദ്യകളോട് കൂടിയ റഫാൽ പോർവിമാനങ്ങൾ. മൂന്ന് സേനാവിഭാഗങ്ങളുടെയും സംയുക്ത നീക്കത്തിന്റെ ഫലമായി നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ ഇന്ത്യ വർഷിച്ചത് അത്യന്തം മാരക പ്രഹരശേഷിയുള്ള സ്കാല്‍പ് മിസൈലുകളും ഹാമർ ബോംബുകളുമാണ്. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ നാവികസേനാ കേന്ദ്രീകൃത വ്യോമാക്രമണം എന്നാണ് അന്താരാഷ്ട്ര ഏജൻസികൾ വിശേഷിപ്പിക്കുന്നത്.
ഒരു ഇന്ത്യൻ പോർവിമാനം പോലും നഷ്ടപ്പെടുത്താതെയാണ് സൈന്യം പാക് മണ്ണിൽ കടന്ന് മിന്നലാക്രമണം നടത്തിയത്. ബഹാവല്‍പൂർ, മുറിഡ്കെ, ഗുല്‍പൂർ, ഭീംബർ, ചാക് അമ്രു, കോട്ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ബഹാവല്‍പൂർ ജെയ്ഷെ മുഹമ്മദിന്റെയും മുറിഡ്കെ ലഷ്കർ ഇ ത്വയിബയുടെയും ശക്തികേന്ദ്രങ്ങളാണ്. ഇരു സംഘടനകളുടെയും ഉന്നത കമാൻഡർമാർ ഉൾപ്പെടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ സൈന്യത്തിന് സഹായകമായത് റോ നൽകിയ നിർണായക ഇന്റലിജൻസ് വിവരങ്ങളാണ്. മിന്നലാക്രമണത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിൽ സുരക്ഷാ, പ്രതിരോധ ഏജൻസികൾ പതിനഞ്ചോളം യോഗങ്ങൾ ചേർന്നതായാണ് വിവരം.
7, ലോക് കല്യാൺ മാർഗിൽ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക നടപടികൾ കൃത്യമായി വിലയിരുത്തുന്നുണ്ടായിരുന്നു. അജിത് ഡോവൽ അദ്ദേഹത്തിന് സമയാസമയങ്ങളിൽ വിവരങ്ങൾ കൈമാറുന്നുണ്ടായിരുന്നു. ആക്രമണത്തിന്റെ വിശദ വിവരങ്ങൾ 10.30ന് ഇന്ത്യ ഔദ്യോഗികമായി പുറത്ത് വിടും എന്നാണ് റിപ്പോർട്ട്.

