ഒട്ടാവ: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ദമൻപ്രീത് കൗർ ആണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് എഡ്മണ്ടൺ പോലീസ് ദമൻപ്രീതിന്റെ 22 കാരനായ പങ്കാളി റിതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
ജൂലൈ 9 ന് വൈകുന്നേരമാണ് സിൽവർബെറിയിലെ അപ്പാർട്ട്മെന്റിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ ദമൻപ്രീതിനെ കണ്ടെത്തിയത് . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജൂലൈ 12 ന് മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. അന്വേഷണം നടക്കുന്നുണ്ടായിരുന്നുവെങ്കിലും മരണകാരണം പോലീസ് മറച്ചുവെച്ചിരുന്നു.
ജൂലൈ 22 ന് പോലീസ് റിതീഷിനെ അറസ്റ്റ് ചെയ്തു. പിന്നാലെയാണ് മരണകാരണം വെളിപ്പെടുത്തിയത് . ദമൻപ്രീതിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ സംഘടനകൾ ഫണ്ട് സ്വരൂപിക്കാൻ ആരംഭിച്ചിട്ടുണ്ട്.

