മുംബൈ ; പൂനെയിലെ സ്വാർഗേറ്റ് ഡിപ്പോയിലെ ബസിനുള്ളിൽ യുവതിയെ പീഡനത്തിനിരയാക്കിയ പ്രതി ദത്താത്രേ ഗഡെ (36) നെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. 75 മണിക്കൂർ നീണ്ട തിരച്ചിലൊനൊടുവിൽ ഷിരൂർ തഹ്സിലിൽ നിന്ന് അർദ്ധരാത്രിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
പൂനെ, അഹല്യനഗർ ജില്ലകളിലായി മോഷണം, മാല പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ദത്താത്രേ ഗഡെ . 2019 ൽ ജാമ്യം നേടി പുറത്തിറങ്ങിയതാണ്.പ്രതിയെ പിടികൂടാൻ സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ പതിമൂന്ന് പോലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു. തിരച്ചിലിന്റെ ഭാഗമായി പോലീസ് സ്നിഫർ ഡോഗുകളും ഡ്രോണുകളും ഉപയോഗിച്ചിരുന്നു.ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടെയാണ് കേസിനാസ്പദമായ സംഭവം . സതാര ജില്ലയിലെ ഫാൽത്താനിലേക്കുള്ള ബസ് കാത്തിരുന്ന യുവതിയുമായി ചങ്ങാത്തതിലായ ദത്താത്രേ സതാരയിലേക്കുള്ള ബസ് മറ്റൊരു പ്ലാറ്റ്ഫോമിൽ എത്തിയെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് സ്റ്റേഷൻ വളപ്പിൽ മറ്റൊരിടത്ത് പാർക്ക് ചെയ്തിരുന്ന ആളൊഴിഞ്ഞ ശിവ് ഷാഹി എസി ബസിലേക്ക് കൊണ്ടുപോയി.
ബസിനുള്ളിൽ വെളിച്ചമില്ലാത്തതിനാൽ ആദ്യം യുവതി കയറാൻ മടിച്ചെങ്കിലും ദത്താത്രേ യുവതിയെ നിർബന്ധിച്ച് അകത്ത് കയറ്റുകയും , പീഡിപ്പിക്കുകയുമായിരുന്നു. ഓടി രക്ഷപെട്ട യുവതി മറ്റൊരു ബസിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് സുഹൃത്തിനോട് പീഡന വിവരം വെളിപ്പെടുത്തിയത്. സുഹൃത്തിന്റെ നിർദേശപ്രകാരം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു