ന്യൂദൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും വ്യവസായിയായ റോബർട്ട് വാദ്രയുടെയും മകൻ റെഹാൻ വാദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഏഴ് വർഷമായി അവിവ ബെയ്ഗ എന്ന പെൺകുട്ടിയുമായി 25 കാരനായ റെഹാൻ വാദ്ര പ്രണയത്തിലായിരുന്നു . ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. അവിവ ബെയ്ഗും കുടുംബവും ഡൽഹി സ്വദേശികളാണ്.
റെഹാൻ-അവിവ വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പരസ്പര സമ്മതത്തിന്റെയും സൗകര്യത്തിന്റെയും അടിസ്ഥാനത്തിൽ ഇരു കുടുംബങ്ങളും വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.
ഫോട്ടോഗ്രാഫറാണ് അവീവ ബെയ്ഗ് . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, അവീവ ബെയ്ഗ് നിരവധി കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2023-ൽ, മെത്തേഡ് ഗാലറിയുമായി ചേർന്ന് “യു കാന്റ് മിസ്സ് ദിസ്” എന്ന ഫോട്ടോഗ്രാഫി പ്രദർശനം സംഘടിപ്പിച്ചിരുന്നു . ഈ വർഷം, ഇന്ത്യ ആർട്ട് ഫെയറിന്റെ യംഗ് കളക്ടർസ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന “യു കാന്റ് മിസ്സ് ദിസ്” എന്ന പ്രദർശനത്തിലും അവീവയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള നിരവധി ഏജൻസികൾ, ബ്രാൻഡുകൾ, ക്ലയന്റുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫിക് സ്റ്റുഡിയോയും നിർമ്മാണ കമ്പനിയുമായ അറ്റലിയർ 11-ന്റെ സഹസ്ഥാപക കൂടിയാണ് അവീവ ബെയ്ഗ്.

