ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി പ്രവർത്തിക്കുക സേവാ തീർത്ഥയിൽ . ഇന്നാണ് കർതവ്യ ഭവൻ -1, കർതവ്യ ഭവൻ -2 എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് . വൈകുന്നേരം സേവാ തീർത്ഥയിൽ പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
‘സേവനത്തിന്റെ പുണ്യസ്ഥലം‘ എന്നാണ് ഈ പേരിന്റെ അർത്ഥം. കേവലം ഒരു ഓഫീസ് എന്നതിലുപരി ജനസേവനത്തിന് മുൻഗണന നൽകുന്ന ഭരണരീതിയുടെ പ്രതീകമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായാണ് , പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് . സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായാണ് സേവ തീർത്ഥ നിർമ്മിച്ചത്.
സേവാ തീർത്ഥയ്ക്ക് ഏകദേശം 2.26 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണ് ഉള്ളതാണ് . ഇതിന്റെ നിർമ്മാണച്ചെലവ് 1189 കോടി രൂപയാണ് . പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഇനി സേവാ തീർത്ഥയിലാകും സ്ഥിതിചെയ്യുന്നത്.
സേവാ തീർത്ഥ-2-ലാകും കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ പുതിയ ആസ്ഥാനം പ്രവർത്തിക്കുക . സേവാ തീർത്ഥ-3-ൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും (NSCS) ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ (NSA) ഓഫീസുകളും ഉണ്ടായിരിക്കും. ഔപചാരികതകൾ കുറയ്ക്കുക, ഉദ്യോഗസ്ഥർക്കിടയിൽ ഏകോപനം വർദ്ധിപ്പിക്കുക, പരസ്പര സുതാര്യത വളർത്തുക എന്നിവ ലക്ഷ്യമിട്ട് തുറന്ന നിലയിലുള്ള ഓഫീസായിട്ടാണ് സേവാ തീർത്ഥം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സേവാ തീർത്ഥയിൽ നൂതന ആശയവിനിമയ സംവിധാനങ്ങൾ, സൈബർ സുരക്ഷാ ശൃംഖലകൾ, സംയോജിത സുരക്ഷാ വാസ്തുവിദ്യ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് . കെട്ടിടം ഭൂകമ്പ പ്രതിരോധശേഷിയുള്ളതുമാണ് . നിയമം, പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി തുടങ്ങിയ പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ ഓഫീസുകൾ കർതവ്യ ഭവൻ 1 ലും 2 ലും പ്രവർത്തിക്കും .

