ചെന്നൈ ; തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിയ്ക്ക് സസ്പെൻഷൻ . തിരിച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ് രമേശനിൽ നിന്ന് പൂജാരി അയ്യപ്പൻ അയ്യർ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് അയ്യർ അറിഞ്ഞിരുന്നില്ല. പ്രത്യേക ദർശനം നൽകുന്നതിനാണ് 4000 രൂപ ആവശ്യപ്പെട്ടത്. പണം കൈയ്യിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു.
മന്ത്രിയെ തിരിച്ചറിഞ്ഞതോടെ അയ്യർ മാപ്പ് എഴുതി നൽകി. എന്നാൽ മന്ത്രി മാപ്പ് നൽകിയെന്ന് അറിഞ്ഞതോടെ വിവാദം ഉയരുകയും പിന്നാലെ അയ്യരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 31 കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ എത്തിയത് . അന്നദാനത്തിന് എത്തിയപ്പോഴാണ് മന്ത്രിയെ ആളുകൾ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതൻ മാപ്പ് എഴുതി നൽകുകയായിരുന്നു. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്നും മന്ത്രി താക്കീത് ചെയ്തു.
എന്നാൽ മന്ത്രി മാപ്പ് നൽകിയത് പുറത്തറിഞ്ഞതോടെ വിവാദമായി. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലേയെന്ന് പ്രതിപക്ഷവും ചോദ്യമുയർത്തി. എന്നാൽ മാപ്പ് അപേക്ഷ അല്ല വിശദീകരണമാണ് താൻ വാങ്ങിയതെന്നാണ് മന്ത്രി പറഞ്ഞത് . എങ്കിലും തുടർനടപടി ഉണ്ടാകുമെന്നും പറഞ്ഞിരുന്നു . പിന്നാലെയായിരുന്നു സസ്പെൻഷൻ

