തിരുവനന്തപുരം ; വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ദേശീയഗീതമായ വന്ദേമാതരം പൂർണ്ണമായും ആലപിക്കാത്തതിനെതിരെ വിമർശനം. ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തമാണെന്ന് വി മുരളീധരൻ എം എൽ എ ആരോപിച്ചു.
‘ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല. ഇത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണ്. 150 ആം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു.
ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി.ഡി സതീശൻ സർക്കാർ എന്ന് വ്യക്തം. ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണ ‘ എന്നാണ് വി മുരളീധരന്റെ വാക്കുകൾ.
ഖജനാവിൽ പൂച്ച പെറ്റു എന്ന് വിഡി സതീശൻ ആവർത്തിച്ച് പറഞ്ഞു. പൂച്ച പെറ്റ ഖജനാവ് ഉപയോഗിച്ചാണോ സ്വപ്നപദ്ധതികൾ നടപ്പാക്കാൻ പോകുന്നത്. വയോജന ക്ഷേമത്തിന് പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ കേരളം ഒറ്റയടിയ്ക്ക് അത് നടപ്പാക്കും എന്ന് പറയാനും കഴിയില്ല. ലീഗ് ശാസിക്കുമോ എന്ന് ഭയന്നാണ് മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത്. ഇന്നലെയും പാണക്കാട് പോയത് അത് ബോധ്യപ്പെടുത്താനാണെന്നും മുരളീധരൻ പറഞ്ഞു.

