മലപ്പുറം ; മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. കാലുവേദനയ്ക്കായി ശസ്ത്രക്രിയ നടത്തിയ രോഗിയുടെ കാലിലെ ഞരമ്പുകൾ മുറിച്ചു മാറ്റി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് കിടപ്പായത്.
ഗുരുതരാവസ്ഥയിലായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെയ് 12 നാണ് പാർവതിയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത് . വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് രോഗിയുടെ കാലിൽ തണുപ്പ് അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ സ്കാനിംഗിൽ രോഗിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചതായി കണ്ടെത്തി. എന്നാൽ ഈ വിവരം ബന്ധുക്കളിൽ നിന്നും മറച്ച് വച്ച് മറ്റെവിടെയെങ്കിലും കൊണ്ടു പോകാനാണ് ഡോക്ടർമാർ പറഞ്ഞത്. അങ്ങനെയാണ് വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകളും രോഗിയ്ക്ക് ചെയ്ത് കഴിഞ്ഞു.

