ന്യൂഡൽഹി: പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങളെ പരിശീലിപ്പിക്കുകയും സംസ്ഥാനങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്തുകയും ചെയ്യുക എന്നതാണ് നിർദ്ദേശം. മെയ് 7 ന് വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് പരിശീലനം നൽകണം. പ്രധാനപ്പെട്ട കെട്ടിടങ്ങൾ, ഫാക്ടറികൾ, പ്ലാന്റുകൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ തയ്യാറാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
വ്യോമാക്രമണങ്ങൾ അല്ലെങ്കിൽ മറ്റ് പ്രതികൂല സംഭവങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്നുള്ള കാര്യത്തിൽ ജനങ്ങളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.

