പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത . ചട്ടുകം ചൂടാക്കി കുട്ടിയുടെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച രണ്ടാനമ്മ അറസ്റ്റിൽ. പാലക്കാട് വാളയാറിലാണ് സംഭവം. കഞ്ചിക്കോട് താമസിക്കുന്ന ബിഹാർ സ്വദേശിയായ നൂർ നാസറിനെ (റൂബി 35) ആണ് വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പിതാവ് നേപ്പാൾ സ്വദേശിയായ മുഹമ്മദ് ഇംതിയാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നൂർ ഇയാളുടെ രണ്ടാം ഭാര്യയാണ്. ജനുവരി 2 നാണ് സംഭവം.
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി അങ്കണവാടിയിൽ ഇരിക്കാൻ ബുദ്ധിമുട്ടുന്നത് അധ്യാപകർ ശ്രദ്ധിച്ചു. തുടർന്ന് അധ്യാപിക നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പൊള്ളലേറ്റതായി കണ്ടത്. അധ്യാപകൻ ഉടൻ തന്നെ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. അധ്യാപികയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ പോലീസ് നൂർ നാസറിനെ കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കുട്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.

