ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെയും, മോദി സർക്കാരിനെയും പ്രശംസിച്ച ശശി തരൂർ എം പി യ്ക്കെതിരെ കോൺഗ്രസ് .വിദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവനകൾ നടത്തുന്നതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത് . നരേന്ദ്ര മോദിയുടെ കാലത്ത് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾ ആദ്യമായി ആക്രമിക്കപ്പെട്ടുവെന്ന ശശി തരൂരിന്റെ പ്രസ്താവനയാണ് പുതിയ വിവാദത്തിന്റെ അടിസ്ഥാനം.
ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവ് ഉദിത് രാജ് അദ്ദേഹത്തെ പരിഹസിച്ചു. കോൺഗ്രസിന്റെ സുവർണ്ണ ചരിത്രത്തെ തരൂർ അപമാനിച്ചിട്ടുണ്ടെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടി. ‘1965 ൽ ഇന്ത്യ നിരവധി തവണ പാകിസ്ഥാനെ ആക്രമിച്ചു. 1971 ൽ അത് പാകിസ്ഥാനെ രണ്ടായി കീറിമുറിച്ചു. യുപിഎ കാലയളവിൽ നിരവധി തവണ സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിരുന്നുവെങ്കിലും അവ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല ‘ എന്നും ഉദിത് രാജ് പറഞ്ഞു.
മുതിർന്ന നേതാക്കളായ ജയറാം രമേശും പവൻ ഖേരയും ഉദിത് രാജിന്റെ എക്സ്-പോസ്റ്റ് പങ്ക് വച്ചു. തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, കോൺഗ്രസ് വക്താവ് പവൻ ഖേര യുപിഎ കാലഘട്ടത്തിൽ നിരവധി സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറയുന്ന വീഡിയോ പങ്ക് വച്ചു. “CC @ShashiTharoor” എന്ന് പോസ്റ്റിൽ തരൂരിനെ ടാഗ് ചെയ്താണ് അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്.

