ന്യൂദൽഹി: രാജ്യത്ത് സെൻസസ് നടപടികൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സെൻസസ് ആണ് ഇത്തവണ നടപ്പിലാക്കുക. സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് നടത്തുക. കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സ്വയം ഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും.
രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിന് ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്. സെൻസസ് പ്രവർത്തനങ്ങൾക്കായി ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. ലഡാക്ക്, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ അടുത്ത വർഷം ഒക്ടോബർ ഒന്ന് മുതലാകും സെൻസസ് ആരംഭിക്കുക. രാജ്യത്തെ മറ്റിടങ്ങളിൽ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിനാണ് ആരംഭിക്കുക.
ആദ്യ ഘട്ടത്തിൽ (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ – എച്ച്എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ജനസംഖ്യാ കണക്കെടുപ്പ് (പിഇ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക – സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ ശേഖരിക്കും.
സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കർശനമായ നടപടികൾ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും മറ്റ് നടപടികളും അടുത്ത വർഷമായിരിക്കും. പൂർത്തിയാകാൻ മൂന്ന് വർഷമെങ്കിലും എടുത്തേക്കും. കൊവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടി വന്നതെന്നാണ് കേന്ദ്രം അറിയിക്കുന്നത്.

