അഹമ്മദാബാദ് : അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം എയർ ഇന്ത്യാ അപകടം നടന്ന സ്ഥലത്തെത്തിയത് . ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
അപകടസ്ഥലം സന്ദർശിച്ച ശേഷം മോദി പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളും സന്ദർശിച്ചു. പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസിനെയും അദ്ദേഹം ആശുപത്രിയിൽ കണ്ടു. ഇതിനുശേഷം, വിമാനാപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും അദ്ദേഹം കാണും. അതേസമയം ഇന്ന് മോദിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം നടക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
ദുരന്തത്തിൽ 294 പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 265 മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്താവളത്തിനടുത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അവിടത്തെ ചില വിദ്യാർത്ഥികളും മരിച്ചു.
മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാൽ ഗുജറാത്ത് സർക്കാർ മരിച്ചവരുടെ ബന്ധുക്കളോട് ഉടൻ ഡിഎൻഎ സാമ്പിളുകൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഇരുനൂറ് സാമ്പിളുകൾ ലഭിച്ചു.
അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലും പക്ഷി ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എൻഡിആർഎഫിന്റെ പ്രത്യേക സ്ക്വാഡ് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിൽ ഒന്ന് കണ്ടെടുത്തു. രണ്ടാമത്തേതിനായുള്ള തിരച്ചിൽ തുടരുകയാണ്.
ഇന്ത്യയിൽ സംഭവിച്ച ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നാണിത് . വളരെ പരിചയസമ്പന്നനായ ഒരു പൈലറ്റാണ് വിമാനം പറത്തിയത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിനൊപ്പം ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയത്. ക്യാപ്റ്റൻ സുമീത് സബർവാളിന് 8200 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നു. സഹപൈലറ്റിന് 1100 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നു.

