ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ ജിഎസ്ടി പരിഷ്ക്കരണങ്ങൾ നടപ്പിലാക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മുമ്പത്തെ നാല് സ്ലാബുകളിൽ നിന്ന് രണ്ട് സ്ലാബുകളിലേക്കുള്ള പുതിയ ജിഎസ്ടി പരിഷ്കാരങ്ങളാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുക.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ യുഎസ് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ കഴിഞ്ഞ കുറച്ച് നാളുകളായി യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീണ സമയത്താണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് . 2022-ൽ റഷ്യ ഉക്രെയ്ൻ അധിനിവേശം നടത്തിയതിന്റെ പേരിൽ യുഎസും മറ്റ് രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല ട്രംപ് ഭരണകൂടം പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്കുള്ള വാർഷിക ഫീസ് 100,000 ഡോളറായി (88 ലക്ഷത്തിൽ കൂടുതൽ രൂപ) കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. ഇത് ഇന്ത്യക്കാർക്കിടയിൽ അരാജകത്വവും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. എച്ച്-1ബി ഉടമകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
എച്ച്-1ബി വിസകൾക്കുള്ള പുതിയ 100,000 യുഎസ് ഡോളർ ഫീസ് നിലവിലെ വിസ ഉടമകൾക്ക് ബാധകമല്ലെന്നും പുതിയ അപേക്ഷകൾക്ക് മാത്രമുള്ള ഒറ്റത്തവണ പേയ്മെന്റാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ യുഎസിന് പുറത്തുള്ള വിസ ഉടമകളും രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിന് ഫീസ് നൽകേണ്ടതില്ലെന്നും ട്രംപ് ഭരണകൂടം പറയുന്നു.
എച്ച്-1ബി വിസ അപേക്ഷകൾക്ക് 100,000 യുഎസ് ഡോളർ കുത്തനെയുള്ള ഫീസിനെയും, താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തെയും പരോക്ഷമായി പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്നും സെമികണ്ടക്ടറുകൾ മുതൽ കപ്പൽ നിർമ്മാണം വരെയുള്ള മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്നും പറഞ്ഞു

