ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ആശയവിനിമയം നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങളും പുടിൻ മോദിയെ അറിയിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക പിഴ ചുമത്തിയിരുന്നു . അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ച ഇന്ത്യയ്ക്കും ഏറെ നിർണ്ണായകമായിരുന്നു.
പുടിൻ വിളിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പും പ്രധാനമന്ത്രി എക്സിൽ പങ്ക് വച്ചു . “എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിൻ അലാസ്കയിൽ പ്രസിഡന്റ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടതിന് നന്ദി. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിൽ തുടർ കൈമാറ്റത്തിനായി ഞാൻ പ്രതീക്ഷിക്കുന്നു.”- എന്നും മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അലാസ്ക കൂടിക്കാഴ്ചയ്ക്ക് പുടിൻ ട്രംപിനും നന്ദി പറഞ്ഞിരുന്നു . ശീതയുദ്ധത്തിനുശേഷം റഷ്യയും, യുഎസും തമ്മിലുള്ള ബന്ധം വളരെ മോശമായ നിലയിലായ സമയത്താണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ ഈ സംഭാഷണം പോസിറ്റീവായി കാണപ്പെടുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. താൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നെങ്കിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒരു യുദ്ധവും ഉണ്ടാകുമായിരുന്നില്ല എന്ന ട്രംപിന്റെ വാദത്തെ പുടിൻ പിന്തുണച്ചു. ഞങ്ങളുടെ ആശങ്കകളെക്കുറിച്ച് ഒന്നും കേൾക്കാൻ ബൈഡൻ തയ്യാറായില്ലെന്നും പുടിൻ പറഞ്ഞു.

