ഡൽഹി: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. ദ്വാരക എക്സ്പ്രസ്വേയുടേയും അർബൻ എക്സ്റ്റൻഷൻ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
11000 കോടി രൂപ ചിലവിലാണ് ഈ രണ്ടു പദ്ധതികളും നടപ്പിലാക്കിയിരിക്കുന്നത്. 72 കിലോമീറ്ററിലധികം നീളമുള്ള ആറുവരി എക്സ്പ്രസ് വേയാണ് അർബൻ എക്സ്റ്റൻഷൻ റോഡ്. 5580 കോടി രൂപയാണ് ഈ റോഡിന്റെ നിർമ്മാണ ചെലവ്. 10.1 കിലോമീറ്റർ നീളമാണ് ദ്വാരക എക്സ്പ്രസ്സ് വേയ്ക്ക് ഉള്ളത്. 5360 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. ഈ രണ്ട് റോഡുകളും ഡൽഹിയിലെ ഗതാഗതകുരുക്കിന് ഏറെ കുറേ പരിഹാരമാകുകയും, ജനങ്ങളുടെ യാത്ര സൗകര്യത്തിന് ഏറെ ഉപകാരപ്രദമാവുകയും ചെയ്യും.
ഡൽഹിയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികൾ ആയിരുന്നു ആം ആദ്മി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹിക്കും ഹരിയാനക്കും ഇടയിൽ ശത്രുത സൃഷ്ടിക്കാനായിരുന്നു ആം ആദ്മി പാർട്ടി എപ്പോഴും ശ്രമിച്ചിരുന്നത്. കൂടാതെ ഹരിയാനയിൽ ഉള്ളവർക്കെതിരെ ഡൽഹിയിലെ ജനങ്ങളെ ഇളക്കിവിടാൻ അരവിന്ദ് കെജരിവാളിന്റെ പാർട്ടി ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അതോടൊപ്പം, ഡൽഹിയുടെ വികസനത്തിനായി ബിജെപി നിരന്തരം പരിശ്രമിക്കുമെന്നും
ഡൽഹിയെ വികസിത ഇന്ത്യയുടെ മാതൃകയാക്കി മാറ്റാനായി പലതലങ്ങളിലും മുൻപേ പ്രവർത്തിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം ദേശീയപാത നിർമ്മാണ തൊഴിലാളികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

