അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മുകളിൽ കാവി പതാക ഉയർത്തി പ്രധാനമന്ത്രി മോദിയും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും . ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി രാം ലല്ലയെ സന്ദർശിക്കുകയും രാം ദർബാറിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം, രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രാർത്ഥനയിൽ പങ്കെടുത്തു.
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായതിന്റെ അടയാളമായാണ് പ്രധാനമന്ത്രി മോദിയും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചേർന്ന് ക്ഷേത്രത്തിന്റെ മുകളിൽ കാവി പതാക ഉയർത്തിയത് . 10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള പതാക ശ്രീരാമന്റെ മഹത്വത്തെയും വീര്യത്തെയും പ്രതീകപ്പെടുത്തുന്നു.
“ജയ് ശ്രീ റാം” എന്ന വിളി അന്തരീക്ഷം മുഴുവൻ നിറഞ്ഞ സമയത്തണ് പതാക ഉയർത്തിയത് . “ഇന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണ്. ഈ പതാക ഉയർത്തിയതിന് പ്രധാനമന്ത്രി മോദിയോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.”എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
“ഇന്ന് നമുക്കെല്ലാവർക്കും അർത്ഥവത്തായ ദിവസമാണ്. നിരവധി ആളുകൾ ഇത് സ്വപ്നം കണ്ടു, ജീവൻ ബലിയർപ്പിച്ചു. ഇന്ന് അവരുടെ ആത്മാക്കൾ സംതൃപ്തരാകണം. ഒരിക്കൽ അയോധ്യയിൽ പറന്ന രാമരാജ്യത്തിന്റെ പതാകയാണിത്. ഇന്ന്, ആ പതാക വീണ്ടും നിലത്തുനിന്ന് അതിന്റെ ഉന്നതിയിലേക്ക് ഉയരുന്നത് നാം കാണുന്നു.” ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.

