പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ എഐ വീഡിയോ നീക്കം ചെയ്യാൻ കോൺഗ്രസിനോട് നിർദ്ദേശിച്ച് പട്ന ഹൈക്കോടതി . എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി ബി ബജന്ത്രിയാണ് കോൺഗ്രസ് പാർട്ടിയുടെ ബിഹാർ യൂണിറ്റിനോട് നിർദ്ദേശിച്ചത്.
സെപ്റ്റംബർ 10 നാണ് ബീഹാർ കോൺഗ്രസ് യൂണിറ്റ് 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. മോദിയുടെ അമ്മ അദ്ദേഹത്തിന്റെ സ്വപ്നത്തിലെത്തി രാഷ്ട്രീയത്തെ വിമർശിക്കുന്നതായിട്ടായിരുന്നു വീഡിയോ . ‘സ്വപ്നത്തിൽ അമ്മ വന്നു’ എന്നാണ് വീഡിയോയ്ക്ക് ബീഹാർ കോൺഗ്രസ് അടിക്കുറിപ്പ് നൽകിയത്.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിച്ച വീഡിയോ വിവാദത്തിന് കാരണമായിരുന്നു. വീഡിയോ പിൻവലിച്ചതിന് ശേഷം ക്ഷമാപണം നടത്തണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മോദിയുടെ അമ്മയെ അപമാനിക്കുന്നത് പോലെ ഒന്നുമില്ലെന്ന് കോൺഗ്രസ് വാദിച്ചു. തുടർന്ന് ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കോൺഗ്രസിനും ഐടി സെല്ലിനുമെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ, ദൃശ്യങ്ങൾ അപകീർത്തികരമാണെന്നും മോദിയുടെ അമ്മയുടെ അന്തസ്സിനെയും മാതൃത്വത്തെയും അപമാനിക്കുന്നതാണെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെയും അമ്മയെയും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്.

