ജയ്പൂർ : രാജസ്ഥാനിൽ വിമാനം പറന്നുയരാൻ തുടങ്ങവെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറന്നു. സംഭവം. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇൻഡിഗോ വിമാനം പുറപ്പെടുന്നതിനിടെയാണ് സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറി, ക്യാബിൻ ക്രൂ ഫ്ലൈറ്റ് സുരക്ഷാ നിർദ്ദേശങ്ങളും നൽകി കഴിഞ്ഞാണ് യാത്രക്കാരനായ ആക്സിസ് ബാങ്കിൽ ജോലി ചെയ്യുന്ന സിറാജ് കിദ്വായ് ഫ്ലാപ്പ് വലിച്ച് എമർജൻസി എക്സിറ്റ് വാതിൽ തുറന്നത്.
സംഭവം വിമാനത്തിൽ ആശയക്കുഴപ്പവും പരിഭ്രാന്തിയുമുണ്ടാക്കി . യാത്രക്കാരനെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ഫ്ളാപ്പ് അബദ്ധത്തിൽ വലിച്ചതാണെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് സിറാജ് കിദ്വായ് പറയുന്നത്.
സംഭവം വിശദീകരിച്ച് ഇൻഡിഗോ അധികൃതർ പ്രസ്താവന പുറത്തിറക്കി . വിമാനത്തിലെ മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു ഒപ്പം ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത നിലനിർത്തുന്നു.- കുറിപ്പിൽ പറയുന്നു.
ജോധ്പൂർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സിറാജ് കിദ്വായെ ചോദ്യം ചെയ്യുകയാണ്. സംഭവത്തെ തുടർന്ന് 20 മിനിറ്റ് വൈകിയാണ് വിമാനം പറന്നത്.