ബെംഗളൂരു: പുകയില ഉത്പ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്ക് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി കർണാടക . പുകയിലയോ നിക്കോട്ടിനോ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളുടെ വിലക്കും ഈ ഉത്തരവിൽ ഉൾപ്പെടുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
2006 ലെ ഭക്ഷ്യ സുരക്ഷാ, നിലവാര നിയമം, 2011 ലെ ഭക്ഷ്യ സുരക്ഷാ, നിലവാര (വിൽപ്പന നിരോധനവും നിയന്ത്രണങ്ങളും) ചട്ടങ്ങളുടെ പ്രസക്തമായ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് ഉത്തരവ് . 2026 ജൂൺ 15-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് നിയന്ത്രണം പ്രാബല്യത്തിൽ തുടരുമെന്നാണ് പറയുന്നത് .
സാച്ചെറ്റുകൾ, പൗച്ചുകൾ, പാക്കേജുകൾ, കണ്ടെയ്നറുകൾ അല്ലെങ്കിൽ മറ്റ് രൂപങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് നിരോധനം ബാധകമാണ്. നിരോധന കാലയളവിൽ, കർണാടകയിൽ പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുഡ്കയോ പാൻ മസാലയോ നിർമ്മിക്കാനോ സംഭരിക്കാനോ കൊണ്ടുപോകാനോ വിതരണം ചെയ്യാനോ വിൽക്കാനോ കഴിയില്ല.

