ശ്രീനഗർ; ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ബദാമി ബാഗ് കന്റോൺമെന്റിൽ ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി സംവദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിൽ ഇന്ത്യൻ സായുധ സേനയിലെ സൈനികരുടെ പങ്കിന് പ്രതിരോധ മന്ത്രി നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്കും പഹൽഗാം ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളായ സാധാരണക്കാർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
പാകിസ്ഥാന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര മേൽനോട്ടത്തിൽ പരിശോധിക്കണമെന്ന് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.‘ ശത്രുവിനെ നശിപ്പിച്ച ആ ശക്തി അനുഭവിക്കാൻ ഞാൻ ഇവിടെയുണ്ട്. അതിർത്തിയിലെ പാകിസ്ഥാൻ പോസ്റ്റുകളും ബങ്കറുകളും നിങ്ങൾ നശിപ്പിച്ച രീതി ശത്രുവിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . ഇത്രയും തെമ്മാടിയായ ഒരു രാജ്യത്തിന്റെ കൈയ്യിൽ ആണവായുധങ്ങൾ ഇരുന്നാൽ എന്ത് സുരക്ഷയാണുള്ളത് .
ഓപ്പറേഷൻ സിന്ധൂറിലൂടെ, ഭീകരതയെ ചെറുക്കാൻ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ ദൃഢനിശ്ചയവും സന്നദ്ധതയും ഉണ്ടെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ തെളിയിച്ചു. സ്വയം പ്രതിരോധത്തിന് മാത്രമല്ല, ശക്തമായ തിരിച്ചടി നൽകാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭീകരവിരുദ്ധ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ. ഇതിലൂടെ ഇന്ത്യ ലോകത്തിന് വ്യക്തമായ സന്ദേശം നൽകി. ഭീകരവാദത്തെ ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഭീകരർ ഇന്ത്യയുടെ നെറ്റിയിൽ ആക്രമിച്ചപ്പോൾ, ഞങ്ങൾ അവരുടെ ഹൃദയത്തിന് നേരെ പ്രത്യാക്രമണം നടത്തി,- രാജ്നാഥ് സിംഗ് പറഞ്ഞു.

