ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഭീകരനെ വധിച്ച് സുരക്ഷാസേന . ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി കത്വ ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് ജെയ്ഷെ ഭീകരൻ ഉസ്മാൻ കൊല്ലപ്പെട്ടത് .
സ്ഥലത്ത് മറ്റ് മൂന്ന് ഭീകരരുടെ സാന്നിധ്യം കൂടി ഉറപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ പരിശോധന തുടരുകയാണ് . പ്രത്യേക രഹസ്യാന്വേഷണ വിവരത്തെ തുടർന്ന്, ബില്ലവാർ പ്രദേശത്താണ് ഓപ്പറേഷൻ ആരംഭിച്ചത്. സുരക്ഷാ സേന പ്രദേശം വളഞ്ഞു. ഭീകരനെ കൃത്യമായി കണ്ടെത്തിയാണ് വധിച്ചത് .
വ്യാഴാഴ്ച രാവിലെ, കിഷ്ത്വാർ ജില്ലയിലെ ഛത്രു പ്രദേശത്ത് ജെയ്ഷ് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അഖ്നൂരിലെ സുമ പ്രദേശത്ത് മൂന്നോ നാലോ ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിച്ചതായി നാട്ടുകാർ വിവരം നൽകിയതിനെതുടർന്ന് അഖ്നൂർ അതിർത്തി പ്രദേശത്ത് ഒരു കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (സിഎഎസ്ഒ) ആരംഭിച്ചു.

