ഇസ്ലാമാബാദ് : പാകിസ്ഥാൻ സത്യങ്ങൾ മറച്ചു വച്ചാലും ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പാറുന്ന പതാകകൾ സത്യങ്ങൾ തുറന്നു പറയുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിസ്രി . കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
‘ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ ആഗോള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു . നുണകൾ പാകിസ്ഥാന്റെ ഡിഎൻഎയിലുണ്ട്. 1947-ൽ ജമ്മു കശ്മീർ ആക്രമിക്കപ്പെട്ടപ്പോൾ പോലും പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് കള്ളം പറഞ്ഞത് തങ്ങൾക്ക് അതിൽ പങ്കില്ലെന്ന് ആയിരുന്നു. നുണകളുടെ ഈ യാത്ര അവിടെ നിന്നാണ് ആരംഭിച്ചത്, ഇന്നും തുടരുന്നു . ഇന്ത്യയുടെ നടപടി തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്. ഒരു സാധാരണക്കാരനും അതിൽ പരിക്കേറ്റിട്ടില്ലെന്നും ‘ പത്രസമ്മേളനത്തിൽ വിക്രം മിസ്രി വ്യക്തമാക്കി.
സാധാരണക്കാരുടെ നഷ്ടത്തിൽ പാകിസ്ഥാൻ ഉയർത്തുന്ന നിലവിളി യഥാർത്ഥത്തിൽ അവരുടെ തീവ്രവാദ ശൃംഖലയെ രക്ഷിക്കാനുള്ള വ്യർത്ഥമായ ശ്രമമാണ്. നീലം-ഝലം പദ്ധതിയെ ഇന്ത്യ ലക്ഷ്യമിട്ടുവെന്ന പാകിസ്ഥാന്റെ ആരോപണവും വിദേശകാര്യ സെക്രട്ടറി തള്ളി. “നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടാൻ പാകിസ്ഥാൻ ഗൂഢാലോചന നടത്തിയാൽ, ഉണ്ടാകുന്ന പ്രതികരണത്തിന് അവർ ഉത്തരവാദികളായിരിക്കും” എന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി.ഓപ്പറേഷൻ സിന്ദൂരിനു കീഴിൽ ഇന്ത്യ സംയമനത്തോടെയും കൃത്യതയോടെയും മറുപടി നൽകി
പാകിസ്ഥാൻ ഇപ്പോൾ ആഗോള ഭീകരതയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ലോകത്തിന് നന്നായി അറിയാം. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി ഭീകരാക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്കിന് ശക്തമായ തെളിവുകളുണ്ട്. ഒസാമ ബിൻ ലാദൻ എവിടെയാണ് കൊല്ലപ്പെട്ടതെന്നും ഏത് രാജ്യമാണ് അദ്ദേഹത്തെ രക്തസാക്ഷിയായി പ്രഖ്യാപിച്ചതെന്നും ലോകത്തിനറിയാം.മസൂദ് അസ്ഹർ, ഹാഫിസ് സയീദ് തുടങ്ങിയ പേരുകൾ ഉൾപ്പെടെ ഐക്യരാഷ്ട്രസഭ പട്ടികപ്പെടുത്തിയ നിരവധി ആഗോള ഭീകരർ പാകിസ്ഥാൻ മണ്ണിൽ സ്വതന്ത്രമായി വിഹരിക്കുന്നു
ഇന്ത്യ ഒരു മതസ്ഥലത്തെയും ലക്ഷ്യം വച്ചിട്ടില്ല, നേരെമറിച്ച് പാകിസ്ഥാൻ പൂഞ്ചിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയും ഒരു ഗുരുദ്വാരയെ ലക്ഷ്യമിടുകയും സിഖ് സമുദായത്തിന്റെ വീടുകൾ ആക്രമിക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇതിനുപുറമെ, അതിർത്തിക്കപ്പുറത്തുനിന്നുള്ള വെടിവയ്പ്പിൽ ഇതുവരെ 16 സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടു.

