സത്ന : പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ സ്വന്തമാണെന്നും അത് തിരികെപ്പിടിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് . സത്നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
“നിരവധി സിന്ധി സഹോദരന്മാർ ഇവിടെ ഇരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവർ പാകിസ്ഥാനിലേക്ക് പോയിട്ടില്ല; അവർ അവിഭക്ത ഇന്ത്യയുടേതായിരുന്നു. സാഹചര്യങ്ങൾ ഞങ്ങളെ ഈ വീട്ടിലേക്ക് നിർബന്ധിച്ചു, പക്ഷേ ആ വീടും ഈ വീടും വ്യത്യസ്തമല്ല. ഇന്ത്യ മുഴുവൻ ഒരു വീടാണ്; ഞങ്ങളുടെ വീട്ടിലെ ഒരു മുറി മാത്രമേ ആരോ കൈവശപ്പെടുത്തിയിട്ടുള്ളൂ. എന്റെ മേശ, കസേര, വസ്ത്രങ്ങൾ എന്നിവ അവിടെ സൂക്ഷിച്ചിരുന്നു. ഇനി ആ മുറി തിരികെ എടുക്കേണ്ട സമയം വരും” മോഹൻ ഭാഗവത് പറഞ്ഞു.
പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ പാക് ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ച സമയത്താണ് ഭഗവതിന്റെ പ്രസ്താവന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമ്പത്തിക മാറ്റങ്ങളും രാഷ്ട്രീയ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് ആയിരക്കണക്കിന് തദ്ദേശവാസികൾ അവാമി ആക്ഷൻ കമ്മിറ്റി (എഎസി) യുടെ ബാനറിൽ തെരുവിലിറങ്ങിയിരുന്നു.
മൂന്ന് ദിവസമായി തുടരുന്ന പ്രതിഷേധങ്ങളിൽ പത്ത് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാഗ് ജില്ലയിലെ ദിർകോട്ടിൽ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ നാല് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. മുസാഫറാബാദ്, ദദ്യാൽ (മിർപൂർ), ചമ്യതി (കൊഹാലയ്ക്ക് സമീപം) എന്നിവിടങ്ങളിലും അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആർ എസ് എസിന്റെ ശതാബ്ദി വേളയിൽ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ചും മോഹൻ ഭാഗവത് സംസാരിച്ചിരുന്നു. ‘ ആഗോള വേദിയിൽ ആരൊക്കെ നമ്മോടൊപ്പം നിൽക്കുന്നുവെന്നും അവർ എത്രത്തോളം പിന്തുണ നൽകുന്നുവെന്നും തെളിയിക്കുന്ന ഒരു പരീക്ഷണമായിരുന്നു ഇത്. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെയും സൈന്യത്തിന്റെയും ഉറച്ച പ്രതികരണം രാജ്യത്തിന്റെ ഐക്യം, നേതൃത്വത്തിന്റെ നിർഭയത്വം, സൈന്യത്തിന്റെ വീര്യം എന്നിവ ലോകത്തിന് മുന്നിൽ തെളിയിച്ചു,‘ എന്നാണ് അദ്ദേഹം പറഞ്ഞത്.

