ഇസ്ലാമാബാദ് : തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ ആക്രമണങ്ങൾ പാകിസ്ഥാന്റെ ഉറക്കം കെടുത്തുന്ന സമയത്താണ് ഇന്ത്യയുടെ ത്രിശൂൽ (കരസേന, നാവികസേന, വ്യോമസേന) സംയുക്ത അഭ്യാസവും നടക്കുന്നത്. ഇതിപ്പോൾ പാകിസ്ഥാന്റെ ആശങ്കകൾ കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
പാകിസ്ഥാൻ സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി, റാവൽപിണ്ടിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ഇതിനെ പറ്റി സംസാരിക്കുകയും ചെയ്തു.
“ഇന്ത്യയുടെ ട്രൈ-സർവീസ് സൈനികാഭ്യാസങ്ങൾ പാകിസ്ഥാൻ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അറബിക്കടലിൽ മറ്റൊരു വ്യാജ ഫ്ലാഗ് ഓപ്പറേഷനു ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇത്തവണ നമ്മുടെ പ്രതികരണം കൂടുതൽ ശക്തമായിരിക്കുമെന്ന് ഇന്ത്യ അറിയണം “ എന്നാണ് ഷെരീഫ് ചൗധരിയുട് ഭീഷണി.
അതേസമയം, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഉന്നത പാകിസ്ഥാന്റെ പ്രസ്താവനകളെ “തന്ത്രപരമായ അസ്ഥിരതയുടെയും പരിഭ്രാന്തിയുടെയും” സൂചനയായാണ് വിശേഷിപ്പിച്ചത്. “ ഐഎസ്പിആർ ഡിജിയുടെ ഈ പ്രസ്താവന വെറുമൊരു ആഖ്യാനം മാത്രമാണ്. രാജ്യത്തിനുള്ളിലെ ആഭ്യന്തര സാഹചര്യം അവരുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടുപോയിരിക്കെ, ആഭ്യന്തര രംഗത്ത് ഐക്യം ഉയർത്തിക്കാട്ടുക എന്നതാണ് അവരുടെ ലക്ഷ്യം.” എന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു.
നവംബർ 3 ന് ആരംഭിച്ച ഇന്ത്യയുടെ “ത്രിശൂൽ”, ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത ശക്തിയെ വിളിച്ചറിയിക്കുന്നതാണ് . ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇത്തരത്തിലുള്ള ആദ്യത്തെ പ്രധാന അഭ്യാസമാണിത് . നവംബർ 13 വരെ ത്രിശൂൽ തുടരും. മൂന്ന് സേനകൾക്കിടയിലുള്ള സിനർജിയും തന്ത്രപരമായ ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ അഭ്യാസത്തിന്റെ ലക്ഷ്യം.ഇതൊരു പതിവ് സൈനികാഭ്യാസമാണെങ്കിലും, പാകിസ്ഥാന്റെ സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട് .

