ന്യൂഡൽഹി : സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് വീണ്ടും ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ . മരവിപ്പിച്ച കരാർ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് .
ഇതുസംബന്ധിച്ച് പാകിസ്ഥാൻ ജലവിഭവ സെക്രട്ടറി ഇന്ത്യൻ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് അയച്ചത് മൂന്ന് കത്തുകൾ. തീരുമാനം കൃഷിയെ എങ്ങനെ ബാധിച്ചുവെന്നും രാജ്യത്തിന്റെ കുടിവെള്ള വിതരണത്തിലെ അപര്യാപ്തത എങ്ങനെ വഷളാക്കിയെന്നും കത്തിൽ പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട് . ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാറാണ് സിന്ധു നദീജല ഉടമ്പടി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ആദ്യപടി പാകിസ്ഥാനെ നയതന്ത്രപരമായി നേരിടുക എന്നതായിരുന്നു.
സിന്ധു നദീജല ഉടമ്പടി നിർത്തിവച്ച ഇന്ത്യ പിന്നീട് പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും ചെയ്തു. താമസിയാതെ, അട്ടാരി-വാഗ അതിർത്തി അടച്ചുപൂട്ടുകയും പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കുകയും ചെയ്തു . മറുവശത്ത്, ഷിംല കരാർ റദ്ദാക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തുകൊണ്ട് പാകിസ്ഥാനും പ്രതികരിച്ചു. പഹൽഗാം കൂട്ടക്കൊലയ്ക്ക് തിരിച്ചടി നൽകാൻ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി . പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകളും തകർത്തു.

