ഇസ്ലാമാബാദ് ; അസിം മുനീറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാകിസ്ഥാന് അവകാശപ്പെട്ട “ഒരു തുള്ളി” വെള്ളം പോലും ഇന്ത്യ എടുക്കാൻ അനുവദിക്കില്ലെന്നാണ് ഷെരീഫിന്റെ പ്രസ്താവന. .സിന്ധു ജല ഉടമ്പടി പുനരാരംഭിക്കാൻ പാകിസ്ഥാൻ പല തവണ ഇന്ത്യയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
“ഞങ്ങളുടെ വെള്ളം കൈവശം വയ്ക്കുമെന്ന് നിങ്ങൾ ഭീഷണിപ്പെടുത്തിയാൽ, പാകിസ്ഥാനിൽ നിന്ന് ഒരു തുള്ളി പോലും നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഓർമ്മിക്കുക. നിങ്ങൾ ഞങ്ങളുടെ വെള്ളം നിർത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാൽ, നിങ്ങൾ ഒരിക്കലും മറക്കാത്ത ഒരു പാഠം പാകിസ്ഥാൻ നിങ്ങളെ പഠിപ്പിക്കും,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ് .
സിന്ധു ജലത്തെ പാകിസ്ഥാന്റെ ജീവരക്തമായി വിശേഷിപ്പിച്ച ഷെരീഫ്, അന്താരാഷ്ട്ര കരാറുകൾ പ്രകാരം പാകിസ്ഥാന്റെ അവകാശങ്ങളിൽ “ഒരു വിട്ടുവീഴ്ചയും” ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിൽ ബിലാവൽ ഭൂട്ടോ ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ദിവസം യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ നടപടികൾ പാകിസ്ഥാന് “വലിയ നാശനഷ്ടം” വരുത്തിവച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എല്ലാ പാകിസ്ഥാനികളും ഒന്നിക്കണമെന്നുമായിരുന്നു ബിലാവൽ ഭൂട്ടോ പറഞ്ഞത്.
അതിനുമുമ്പ്, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ, ആണവയുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ഇന്ത്യയുമായുള്ള ഭാവി യുദ്ധത്തിൽ ഇസ്ലാമാബാദിന് നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ “ലോകത്തിന്റെ പകുതി” നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചത് .

