ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ലഷ്കർ-ഇ-തൊയ്ബ (എൽഇടി) മുരിദ്കെയിലെ മർകസ് തായ്ബ ആസ്ഥാനം പൊളിച്ചുമാറ്റി പുനർനിർമ്മിക്കാൻ ആരംഭിച്ചു . സർക്കാർ ഫണ്ടുകൾ ഇതിനായി വഴിമാറ്റുന്നതായും, ഭൂകമ്പ –
വെള്ളപ്പൊക്ക ബാധിതർക്ക് വേണ്ടിയുള്ള ദുരിതാശ്വാസ നിധി പോലും ഭീകര അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
ഓപ്പറേഷൻ സിന്ദൂറിന് അഞ്ച് മാസത്തിന് ശേഷമാണ് ആസ്ഥാനമന്ദിരം പൂർണ്ണമായും പൊളിച്ചത് . . കേഡർ താമസം, ആയുധ സംഭരണം, പരിശീലന സൗകര്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് പ്രധാന കെട്ടിടങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഘടനകളുടെ അവശിഷ്ടങ്ങൾ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഓഗസ്റ്റ് 18 ന് മർകസ് തായ്ബ സമുച്ചയത്തിന്റെ പൊളിക്കൽ ആരംഭിച്ചു. ഇതിനായി അഞ്ച് ജെസിബി മെഷീനുകൾ വിന്യസിച്ചു. ഓഗസ്റ്റ് 20 ആയപ്പോഴേക്കും ഉം-ഉൽ-ഖുറ പരിശീലന സമുച്ചയം ഭാഗികമായി പൊളിച്ചു. സെപ്റ്റംബർ 4 ന് പൂർണ്ണമായും നീക്കം ചെയ്തു.
സാരമായി തകർന്ന അവസാനത്തെ ബ്ലോക്ക് സെപ്റ്റംബർ 7 ആയപ്പോഴേക്കും പൂർണ്ണമായും പൊളിച്ചുമാറ്റി. നിലവിൽ, മുഴുവൻ സമുച്ചയവും പൊളിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ പുരോഗമിക്കുകയാണ്. തുടർന്ന് പുനർനിർമ്മാണം ആരംഭിക്കും.
ഭീകര ഗ്രൂപ്പുകളുടെ എല്ലാ തകർന്ന സൗകര്യങ്ങളുടെയും പുനർനിർമ്മാണത്തിന് ധനസഹായം നൽകാൻ പാകിസ്ഥാൻ സർക്കാർ പരസ്യമായി തയ്യാറായിരിക്കുകയാണ്.
മർകസ് ത്വയ്ബയുടെ പുനർനിർമ്മാണം ആരംഭിക്കുന്നതിനായി ഓഗസ്റ്റ് 14 ന് പാകിസ്ഥാനിൽ നിന്ന് ലഷ്കർ ഇ ത്വയ്ബയ്ക്ക് 4 കോടി പ്രാരംഭ സഹായ പാക്കേജ് ലഭിച്ചു. സമുച്ചയം പുനഃസ്ഥാപിക്കാൻ 15 കോടിയിലധികം (4.70 കോടി രൂപ) വേണ്ടിവരുമെന്നാണ് കണക്കുകൾ. ഫണ്ടിംഗ് വിടവ് നികത്തുന്നതിനായി, മാനുഷിക ദുരിതാശ്വാസത്തിന്റെ മറവിൽ, വെള്ളപ്പൊക്ക ബാധിതർക്കുള്ള പിന്തുണയെന്ന പേരിലാണ് ഫണ്ട് ശേഖരിക്കുന്നത് .
‘വെള്ളപ്പൊക്ക ബാധിതർക്കുള്ള ദുരിതാശ്വാസം’ എന്ന ലേബൽ ഉപയോഗിച്ച്, ഓൺലൈനിലും ഓഫ്ലൈനിലും ഫണ്ട് ശേഖരണം നടക്കുകയാണ്. തെളിവുകൾ സൂചിപ്പിക്കുന്നത് ഈ ലേബലുകൾ സഹായ സംരംഭങ്ങളായി പരസ്യമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, മെയ് മാസത്തെ ആക്രമണങ്ങളിൽ തകർന്ന ആസ്ഥാനങ്ങളുടെയും ക്യാമ്പുകളുടെയും പുനർനിർമ്മാണത്തിലേക്ക് ഫണ്ട് എത്തിക്കുക എന്നതാണ് യഥാർത്ഥ ലക്ഷ്യം എന്നാണ്.
2005-ൽ പാകിസ്ഥാനിലും പിഒകെയിലും ഉണ്ടായ ഭൂകമ്പത്തിന് ശേഷം നിരീക്ഷിച്ച രീതികളും ഇതേ തരത്തിലായിരുന്നു. അക്കാലത്ത്, ജമാഅത്ത്-ഉദ്-ദവ മുന്നണിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽഇടി മാനുഷിക അഭ്യർത്ഥനകളിലൂടെ കോടിക്കണക്കിന് പണം സ്വരൂപിച്ചു. ഏകദേശം 80% ഫണ്ടുകളും ഭീകര അടിസ്ഥാന സൗകര്യങ്ങൾക്കായി വകമാറ്റിയതായി അന്വേഷണങ്ങൾ പിന്നീട് വെളിപ്പെടുത്തി.
കോട്ലിയിലെ മർകസ് അബ്ബാസ് അത്തരമൊരു ഉദാഹരണമായിരുന്നു, ഭൂകമ്പ ഫണ്ടുകൾ വഴി തിരിച്ചുവിട്ടായിരുന്നു അത് നിർമ്മിച്ചത്. നിലവിൽ, പാകിസ്ഥാൻ റേഞ്ചേഴ്സുമായും ഉദ്യോഗസ്ഥരുമായും ചേർന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ ഫോട്ടോ എടുക്കാനുള്ള അവസരങ്ങൾ ലഷ്കർ പ്രവർത്തകർ ഒരുക്കുന്നുണ്ട്. മർകസ് തയ്ബയിലെ പൊളിക്കലും പുനർനിർമ്മാണവും മുതിർന്ന ലഷ്കർ നേതാക്കളായ മർകസ് തയ്ബ ഡയറക്ടർ മൗലാന അബു സർ, ചീഫ് ട്രെയിനർ ഉസ്താദ് ഉൽ മുജാഹിദ്ദീൻ, ഓപ്പറേഷണൽ ഓവർസൈറ്റ് കമാൻഡർ യൂനുസ് ഷാ ബുഖാരി എന്നിവരുടെ മേൽനോട്ടത്തിലാണ്.
മെയ് മാസത്തെ വ്യോമാക്രമണത്തെത്തുടർന്ന്, കേഡർ പരിശീലനവും താമസവും ഇപ്പോൾ ബഹവൽപൂരിലെ മർക്കസ് അഖ്സയിലേക്ക് മാറ്റിയിട്ടുണ്ട്.

