ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെത്തിയ ഭീകരർ , ആശയവിനിമയത്തിനായി ചൈനീസ് നിർമ്മിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആഭ്യന്തര ആശയവിനിമയത്തിനായി തീവ്രവാദികൾ ചൈനീസ് സാറ്റലൈറ്റ് ഫോണുകൾ മാത്രമല്ല, ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.
ഏപ്രിൽ 22 ന് പഹൽഗാമിൽ സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എൻഐഎ കണ്ടെത്തിയിരുന്നു . ഭീകരർ അതിർത്തി കടന്ന് ഏകദേശം ഒന്നര വർഷം മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച് വനങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യൻ ഏജൻസികൾ കണ്ടെത്താതെ അവർക്ക് എങ്ങനെ ആശയവിനിമയം നടത്താൻ കഴിഞ്ഞു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഒടുവിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഉപയോഗിച്ച ഉപകരണങ്ങൾ ചൈനീസ് നാഷണൽ സ്പേസ് ഏജൻസിയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു.

